മണ്ണാർക്കാട് : തലസ്ഥാന നഗരിയിൽ കൊടുംക്രൂരതക്കിരയായി നിഷ്ടൂരമായി കൊല ചെയ്യപ്പെട്ട റാബിയ സൈഫിക്ക് നീതിയുറപ്പാക്കാൻ രാഷ്ട്ര മന:സാക്ഷിയുണരണമെന്ന് എസ് എസ് എഫ് പാലക്കാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. കേവലം 21 വയസ്സ് മാത്രം പ്രായമുളള ഡൽഹി സിവിൽ ഡിഫൻഡ്സ് ഉദ്യോഗസ്ഥയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി അംഗഛേദം നടത്തി ക്രൂരമായി കൊലപ്പെടുത്തിയ ക്രിമിനലുകളെ ഇപ്പോഴും പിടികൂടാൻ കഴിയാത്തത് രാജ്യത്തിന് തന്നെ അപമാനമാണ്. രാഷ്ട്ര തലസ്ഥാനത്ത് അരങ്ങേറിയ മനുഷ്യ രക്തം മരവിപ്പിക്കുന്ന കൊടും പാതകത്തിലെ ക്രിമിനലുകൾക്ക് സ്വൈരജീവിതം നയിക്കാൻ സാധിക്കുന്നത് അധികാര കേന്ദ്രങ്ങളുടെ തണൽ ലഭിക്കുന്നത് കൊണ്ടാണ്. ഇതിനെതിരെ രാഷ്ട്രത്തിന്റെ പൊതുബോധം ഉണരണമെന്നും ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫൽ പാവുക്കോണം വിഷയാവതരണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഫിനാ.സെക്രട്ടറി ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സെക്രട്ടറിമാരായ സയ്യിദ് യാസീൻ ജിഫ്രി അൽ അഹ്സനി കല്ലടിക്കോട്, മുഹമ്മദ് നസീഫ് കുമരംപുത്തൂർ, സി എം ജഅ്ഫർ അലി, പി പി നജ്മുദ്ദീൻ സഖാഫി കല്ലാംകുഴി, മുനീർ അഹ്സനി ഒമ്മല, കെ എ ഹക്കീം കൊമ്പാക്കൽകുന്ന് പങ്കെടുത്തു.