— അസീസ് മാസ്റ്റർ —-
ലോകത്തെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണി ഇന്ത്യയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായവട്ടെ റിലയൻസും. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉത്പന്ന സമ്രാജ്യം കെട്ടിപ്പടുക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതാണ്. ഇതിൻ്റെ ഭാഗമായി പലചരക്ക്, പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നുവത്രെ. 30ഓളം ജനപ്രിയ പ്രാദേശിക ബ്രാന്‍ഡുകളെ ഏറ്റെടുക്കാനുള്ള ചര്‍ച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
കോവിഡും രാജ്യത്തിൻ്റെ പണപ്പെരുപ്പവും കൂടി ദരിദ്രരെ അതിദരിദ്രരാക്കുന്ന സാമൂഹികാവസ്ഥയിൽ റിലയൻസിനെ പോലുള്ള വൻകിട കുത്തക കമ്പനികൾ ചെറുകിട മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമ്പോൾ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരിക, ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബവും ഇവരെ ആശ്രയിക്കുന്ന തൊഴിലാളികളും അവരുടെ കുടുംബവുമാണ്. ഈ ഗണത്തിൽപ്പെടുന്നവർ ലക്ഷക്കണക്കിന് പേരാണ്. വികസനത്തിൻ്റെയും മറ്റും കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളും ഇവരെ ആശ്രയിച്ചുള്ള വാണിജ്യ കെട്ടിടങ്ങളും അവയുടെ തണലിൽ കഴിയുന്നവരുമൊക്കെ അതിജീവനത്തിനായി പെടാപ്പാട് ചെയ്യുമ്പോഴാണ്, ചെറുകിട കച്ചവടക്കാരുടെ കഞ്ഞിയിൽ കൂടി മണ്ണിടുന്നതു പോലെയുള്ള കച്ചവട തീരുമാനവുമായി റിലയൻസ് കടന്നു വരുന്നത്. റിലയൻസിനെ പോലുള്ള കച്ചവട സ്ഥാപനങ്ങൾ ഗ്രാമങ്ങളിലേക്ക് കടന്നു വരുന്നത് വിലക്കുറവിൽ കുടുതൽ മൂല്യമുള്ള സാധനങ്ങൾ കിട്ടുമല്ലോയെന്ന ഗുണകാംക്ഷയ്‌ക്കൊപ്പം തന്നെ, ആധുനിക സംവിധാനങ്ങൾ വഴി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ തൊഴിൽരഹിതരുടെ എണ്ണം കൂട്ടുകയല്ലാതെ മറ്റെന്ത് ഗുണമാണ് സമൂഹത്തിന് നൽകുക. ചെറുകിട കച്ചവടക്കാർ മിക്കവരും തൊഴിലാളികളുടെ, കുടുംബത്തിൻ്റെ അത്താണിയാണ്. അവർ പറ്റ് ബുക്ക് സൂക്ഷിക്കുന്നത് കൊണ്ടാണ് കഴിഞ്ഞു പോയ മഹാരോഗത്തെ തുടർന്നുള്ള അടച്ചിടലിലും പലരും പട്ടിണി കിടന്ന് മരിക്കാതിരുന്നത്.
കുത്തക സ്ഥാപനങ്ങൾ, കുറഞ്ഞ വിലക്ക് സാധനങ്ങൾ നൽകുമെങ്കിലും കടം കൊടുത്ത ചരിത്രം ഇതുവരെയില്ല. ബാങ്ക് ഇടപാടുള്ള, ക്രെഡിറ്റ് കാർഡുള്ളവർക്ക് അതാത് ബാങ്ക് വഴി നൽകുന്ന സൗകര്യം കൊണ്ട് ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങാമെങ്കിലും സാധാരണക്കാർക്ക് ഏത് ബാങ്കാണ് ക്രെഡിറ്റ് കാർഡ് നൽകാൻ ധൈര്യപ്പെടുക. ഇതുപോലെയുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് മുന്നിലാണ് കുത്തകക്കാരുടെ കടന്ന് വരവ് അപകടത്തിൻ്റെ കൂടി കെണിയാണെന്ന സംശയങ്ങൾക്ക് ബലമേകുന്നത്. എന്തായാലും റിലയന്‍സ് ലക്ഷ്യമിടുന്നത്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്‌സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി മത്സരിക്കാനാണ്.
നിലവില്‍ രാജ്യത്തൊട്ടാകെ 2000ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ജിയോമാര്‍ട്ട് വഴി ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ നേരിട്ട് റീട്ടെയില്‍ ശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുന്നതോടെ രാജ്യത്തെ 70 ലക്ഷം കോടി മൂല്യമുള്ള ഇ-കൊമേഴ്‌സ് മേഖലയില്‍ ഉത്പന്ന വൈവിധ്യത്തോടെ സാന്നിധ്യം ശക്തമാക്കുകയെന്ന റിലയൻസ് നീക്കം ഗുണവും ദോഷവും ഒരു പോലെ നൽകുക തന്നെ ചെയ്യും. എല്ലാവർക്കും ജീവിക്കാനുള്ള തൊഴിലും സമാധാനാന്തരീക്ഷവും ഉണ്ടാകുന്ന നല്ലൊരു നാൾ ആശംസിക്കുന്നു. ശുഭ സായാഹ്നം. ജയ് ഹിന്ദ്.