സഹകരണസംഘങ്ങൾ ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും
ജില്ലയിൽ സർക്കാർ, സ്വകാര്യ മില്ലുകൾക്കു പുറമെ സഹകരണ സംഘങ്ങളും ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള 35 സഹകരണ സംഘങ്ങളിൽ മൂന്ന് സംഘങ്ങൾ ഇന്ന്( ഒക്ടോബർ 19) കരാറിൽ ഒപ്പുവെച്ചു. ബാക്കി 32 സഹകരണ സംഘങ്ങൾ നാളെ (ഒക്ടോബർ 20 ന്) രാവിലെ 10 ന് കരാറിൽ ഒപ്പിട്ട് സംഭരണം ആരംഭിക്കുമെന്ന് ജില്ലാ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ അനിത ടി. ബാലൻ അറിയിച്ചു.
പാലക്കാട് താലൂക്കിലെ മുണ്ടൂർ സേവന സഹകരണ ബാങ്ക്, ആലത്തൂർ സേവന സഹകരണ ബാങ്ക്, ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി സേവന സഹകരണ ബാങ്ക് എന്നിവയാണ് നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചത്. വിവിധ സ്ഥലങ്ങളിലായി സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നെല്ല് സംഭരണത്തോടനുബന്ധിച്ച് ആലത്തൂരിൽ രാവിലെ 9.30ന് കെ. ഡി. പ്രസേനൻ എം.എൽ.എ, മുണ്ടൂരിൽ വൈകിട്ട് 3.30 ന് കെ.വി.വിജയദാസ് എം.എൽ.എ, നല്ലേപ്പിള്ളിയിൽ വൈകിട്ട് 4 ന് മലബാർ സിമൻ്റ്സ് ഡയറക്ടർ സുരേഷ് ബാബു എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്