മണ്ണാർക്കാട്: സൈലൻറ് വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമായി 148 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനത്തിനെതിരെ മലയോര കർഷകർ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. സൂചനാ സമരമെന്ന നിലയിൽ കിഫ (കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ ) യുടെ നേതൃത്വത്തിൽ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വില്ലേജുകളിലെ പോസ്റ്റോഫീസികളുടെയും, കൃഷി ഭവനുകളുടെയും മുന്നിൽ നിൽപ്പു സമരം നടത്തും. ഇന്നുരാവിലെ പത്തുമുതൽ 12 മണി വരെയാണ് നൂറു കണക്കിന് കർഷകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർഷക സമരത്തിൽ അണിനിരക്കുന്നത്.
പൊന്നുംവില നൽകി കൈവശം വാങ്ങിയതും ഭൂമിയുടെ സർവ്വ രേഖയുമുള്ള കൃഷിഭൂമിയാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപെടുത്തിയിട്ടുള്ളത്. നിലവിലെ വിജ്ഞാപനം പുനഃപരിശോധിച്ചു കൊണ്ട് കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണം എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.