എസ്എഫ്ഐ പാലക്കാട്ട് നടത്തിയ സേവ് ഇന്ത്യ മാർച്ച്
പാലക്കാട്
ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ ‘സേവ് ഇന്ത്യ മാർച്ച്’ കാൽനട ജാഥകൾ നടത്തി. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, കർഷകവിരുദ്ധ കാർഷിക നിയമം പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ഇന്ധന വിലവർധന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് ജാഥ. മണ്ണാർക്കാട്ട് എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം കെ പി ഐശ്വര്യ ജാഥ ഉദ്‌ഘാടനം ചെയ്തു. ഹരികർണൻ അധ്യക്ഷനായി.
പാലക്കാട്, ചിറ്റൂർ എന്നിവിടങ്ങളിൽ ജില്ലാ സെക്രട്ടറി പി ദിനനാഥ്, കൊല്ലങ്കോട്ട് ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ, പട്ടാമ്പിയിൽ പി വി രതീഷ്, ശ്രീകൃഷ്ണപുരത്ത് കെ പ്രേംകുമാർ എംഎൽഎ, തൃത്താലയിൽ കെ മണികണ്ഠൻ, ആലത്തൂരിൽ സി ജിഷ്ണു, ചെർപ്പുളശേരിയിൽ കെ സി നിമേഷ്, മുണ്ടൂരിൽ ജിത്തുകിരൺ, അട്ടപ്പാടിയിൽ കെ ജയിംസ്, പുതുശേരിയിൽ എസ് സുഭാഷ് ചന്ദ്രബോസ്, കുഴൽമന്ദത്ത് വിചിത്ര, വടക്കഞ്ചേരിയിൽ എച്ച് അജ്മൽ എന്നിവർ ഉദ്‌ഘാടനം ചെയ്തു.
ഒറ്റപ്പാലത്ത് വ്യാഴാഴ്ചയാണ് ജാഥ. ഏരിയ സെക്രട്ടറി ക്യാപ്റ്റനായും പ്രസിഡന്റ് വൈസ് ക്യാപ്റ്റനായുമാണ് ഏരിയ കേന്ദ്രങ്ങളിൽ ജാഥകൾ നടന്നത്.