ചെറുകിട വ്യാപാരികള്‍ നേരിടുന്ന
പ്രതിസന്ധിക്ക് പരിഹാരം കാണണം:
എസ്.ഡി.പി.ഐ മുഖ്യമന്ത്രിക്ക് നിവേദനം നല്ക
പാലക്കാട് : കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണും അതിന് മുമ്പ് കോവിഡ് വ്യാപകമായ പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനാലും സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമായിരുന്നെങ്കിലും തുണിക്കടകള്‍, ചെരിപ്പുകടകള്‍, ഫാന്‍സി കടകള്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന മിക്ക കടകളും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും ഹോം ഡെലിവറി ചെയ്യാന്‍ കഴിയുമെന്ന തീരുമാനം ഓര്‍ഡറുകള്‍ സ്വീകരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഈ രംഗത്തെ ചെറുകിടക്കാര്‍ക്ക് ഗുണം ചെയ്യില്ല. ഇതുവരെ വ്യാപാരികള്‍ക്ക് സംഭവിച്ച വലിയ നഷ്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളാലും കോവിഡ് രോഗചികിത്സയാലും ജനങ്ങളിപ്പോള്‍ വലിയ ചെലവുകളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നഷ്ടമായ ഉത്സവ സീസണിലെ കച്ചവടം തിരിച്ച് പിടിക്കുന്നതിനു വേണ്ടി ലോണെടുത്തും കടം വാങ്ങിയും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്ത കച്ചവടക്കാര്‍ക്ക് ഈ സീസണും നഷ്ടമായിരിക്കുകയാണ്. ഈ നഷ്ടം പരിഹരിക്കുന്നതിന് അടിയന്തിര ശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നല്‍കിയിരിക്കുന്നത്.