വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: പുത്തൻ ബാഗ്, കുട, കട്ടർ, പെൻസിൽ എന്നിങ്ങനെയൊക്കെയായിരുന്നു പഴയ സ്കൂൾ വിപണി. എന്നാൽ, കുട്ടിമുഖാവരണങ്ങൾ, അണുനാശിനിക്കുപ്പികൾ, ഇവ നിറയ്ക്കാൻ പുതിയതരം പെന്നുകളും വ്യത്യസ്തമായ കുപ്പികളുമൊക്കെയായി സ്കൂൾവിപണിയിൽ തിരക്കേറുകയാണ്.
ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രതീക്ഷയോടെ സ്കൂൾവിപണി തുറക്കുന്നത്. എന്നാൽ, കച്ചവടത്തിന് തിരക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കോവിഡ്കാരണം ക്ലാസുകളെല്ലാം ഓൺലൈനായതോടെ സ്കൂൾ വിപണിയിലും കാര്യമായ കച്ചവടം നടന്നിരുന്നില്ല.
നവംബർ ഒന്നിന് സ്കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് വ്യാപാരികൾ കഴിയുന്നത്ര പുതിയ സ്റ്റോക്കുകളെത്തിച്ചത്. വിദ്യാർഥികളെ സ്കൂളിൽ പറഞ്ഞയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്നതും സാമ്പത്തിക പ്രശ്നങ്ങളുമാണ് കച്ചവടം കുറയുന്നതിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറിയ കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ബാഗുകൾക്കുതന്നെയാണ് ആവശ്യക്കാർ കൂടുതലും.
ഡോറ, സ്പൈഡർമാൻ തുടങ്ങി കുട്ടികളുടെ ഇഷ്ടതാരങ്ങളുടെ ചിത്രം പതിപ്പിച്ച ബാഗ് അന്വേഷിച്ചാണ് കൂടുതൽ കുട്ടികളെത്തുന്നത്. കോളേജ് തുറന്നതോടെ ലഭിച്ച കച്ചവടം ചെറിയ പ്രതീക്ഷയുണ്ടാക്കിയിട്ടുമുണ്ട്.
സ്കൂൾകുട്ടികൾക്കായി മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് പെൻസിൽ ബോക്സ്, സ്നാക്സ് ബോക്സ്, വാട്ടർബോട്ടിൽ തുടങ്ങിയവയും എത്തിയിട്ടുണ്ട്. കുട, റെയിൻകോട്ട് എന്നിവ വിപണിയിലുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്. ഇത്തവണ വില കാര്യമായൊന്നും കൂടിയിട്ടില്ലെന്നു വ്യാപാരികൾ പറഞ്ഞു.
അണുനാശിനിപ്പേനകളും കുട്ടികൾക്കായി എൻ-95 മുഖാവരണവും ആളുകൾ വാങ്ങുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.