ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പട്ടാമ്പി;
ട്രാഫിക് പരിഷ്കരണങ്ങളില്ല
പട്ടാമ്പി: ജില്ലയിൽത്തന്നെ കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്ന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പട്ടാമ്പിയിൽ ഗതാഗതപരിഷ്കരണം ഏർപ്പെടുത്താത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
മുമ്പ് കൃത്യമായ ഇടവേളകളിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗങ്ങൾ ചേർന്ന് ഗതാഗതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. കുറേക്കാലമായി ഇത് യോഗങ്ങൾ ചേരാറില്ല.
2019-ലാണ് ഏറ്റവുമൊടുവിൽ യോഗംചേർന്ന് ഗതാഗതസംവിധാനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി തീരുമാനമെടുത്തത്. എന്നാൽ, ഇവയിൽ പലതും നടപ്പായില്ല.
നിലവിൽ പട്ടണത്തിലെത്തിയാൽ കുരുക്കിൽപ്പെടാതെ പുറത്തുകടക്കാനാവില്ല. പട്ടണത്തിലെ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിക്കുക, ഗവ. യു.പി. സ്കൂളിന് മുൻവശത്തെ ടാക്സി പാർക്ക് മാറ്റിസ്ഥാപിക്കുക, ആർ.എസ്. റോഡിൽ ഓട്ടോറിക്ഷകളുടെ സ്ഥാനം പിറകിലേക്ക് നീക്കുക, പഴയ ബസ്സ്റ്റാൻഡിലെ നഗരസഭ പേ പാർക്കിങ്ങിന് മുൻവശത്ത് ബസ് ബേ നിർമിക്കുക, ടി.ബി. റോഡ് ജങ്ഷൻ, മേലേ പട്ടാമ്പി കൽപ്പക ജങ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നലുകൾ പച്ച, ചുവപ്പ്, ഓറഞ്ച് നിറത്തോടുകൂടി പരിപൂർണ സിഗ്നലാക്കി മാറ്റുക, ആവശ്യമുള്ള സ്ഥലങ്ങളിൽ സീബ്ര ലൈനുകൾ വരയ്ക്കുക, കാനകൾക്കുമുകളിൽ പൊട്ടിക്കിടക്കുന്ന സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കുക, പഴയ ബസ്സ്റ്റാൻഡ് മുതൽ റെയിൽവേസ്റ്റേഷൻ റോഡുവരെ ബാരിക്കേഡുകൾ സ്ഥാപിക്കുക, കാമറകൾ സ്ഥാപിച്ച് അനധികൃത പാർക്കിങ് തടയുക തുടങ്ങിയ പ്രധാന തീരുമാനങ്ങളൊന്നും നടപ്പായില്ല.
യോഗംചേർന്ന് തീരുമാനങ്ങൾ നടപ്പാക്കുമ്പോഴേക്കും തുടർച്ചയായി കോവിഡ് അടച്ചുപൂട്ടലുകൾ വന്നതും ഗതാഗത പരിഷ്കാരങ്ങൾക്ക് തടസമായി.
തിരക്കേറിയ സമയങ്ങളിൽ ചരക്കുവാഹനങ്ങൾ നിർത്തി ലോഡിറക്കുന്നത് തടയുമെന്നതും പലപ്പോഴും നടപ്പാവാറില്ല. പോസ്റ്റ് ഓഫീസ് റോഡിൽ വൺവേ ബോർഡ് വെച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ തിരിച്ച് വന്ന് ടൗണിൽ പ്രവേശിക്കുന്നതും പതിവാണ്. അവസാനം യോഗം ചേർന്നത് 2019-ൽ തീരുമാനങ്ങൾ പലതും നടപ്പാക്കിയില്ല ഗതാഗതം സുഗമമാക്കാൻ നടപടിവേണo