പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ
കരിമ്പ:മഴയായാലും വെയിലായാലും ദേശീയ പാതയിൽ കല്ലടിക്കോട് കനാൽ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. നാലു ഭാഗത്തും വമ്പൻ കിടങ്ങുകൾ കുഴിച്ചുവച്ച് കരാർ കമ്പനി ഇവിടെ ഉപേക്ഷിച്ചു പോയിട്ട് മാസങ്ങളായി. നവീകരണം പൂർത്തിയാക്കിയ പല ഭാഗത്തും കുഴികൾ രൂപപ്പെട്ട് തുടങ്ങി.കല്ലടിക്കോട് ദാറുൽ അമാൻ സ്കൂളിനു മുമ്പിൽ നവീകരണം പൂർത്തിയായ റോഡിന്റെ മധ്യ ഭാഗത്തു തന്നെ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.ആഴ്ചകളായി തുടരുന്ന മഴയിൽ കുഴികൾ പലതും വലുതായതോടെ ഗതാഗതം ഏറെ ദുഷ്കരമായിരിക്കുകയാണ്.ഇരുചക്രവാഹനങ്ങൾ റോഡിൽ നിന്നിറങ്ങി ചരിയുന്നതും വീഴുന്നതും പതിവായിരിക്കുകയാണ്.മുട്ടിക്കുളങ്ങര,മുണ്ടൂർ,വേലിക്കാട്,കാഞ്ഞിക്കുളം,കല്ലടിക്കോട്,ശിരുവാണി തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് കൂടുതൽ തകർന്ന് കിടപ്പാണ്.പണി പൂർത്തിയാകാതെ കിടക്കുന്ന സ്ഥലത്തെ വീതിക്കുറവുകാരണം രാത്രി കാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.പാലങ്ങളുടെ നിർമാണവും വളവുനികത്തലുമെല്ലാം പാതി വഴിയിൽ ഉപേക്ഷിച്ച മട്ടാണ്. കല്ലടിക്കോട് കനാൽ ഭാഗത്ത് പാലം പണി അടിയന്തിരമായി പൂർത്തിയാക്കാനും,അതോടൊപ്പം നടപാതകൾ സഞ്ചാരയോഗ്യമാക്കിയും അഴുക്ക്ചാൽ നിർമിച്ചും അപകടങ്ങള്‍ ഇല്ലാതാക്കാനും, ബന്ധപ്പെട്ടവര്‍ വേഗത്തിൽ നടപടികള്‍ സീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ശിവദാസൻ, കെ.കെ ചന്ദ്രൻ , യൂസഫ് പാലക്കൽ എന്നിവർ പ്രതികരിച്ചു.
നാലു ഭാഗത്തും കിടങ്ങുകൾ കുഴിച്ചുവച്ച് കരാർ കമ്പനി നിർമാണ പ്രവൃത്തികൾ ഉപേക്ഷിച്ചു പോയ കല്ലടിക്കോട് ദീപ സെന്ററിലെ കനാൽപാലം