പാലക്കാട് ‘അമൃത്’പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളുടെ ശോച്യാവസ്ഥയിൽ നിസ്സംഗത പുലർത്തുന്ന നഗരസഭാ ഭരണത്തിനെതിരെ സിപിഐ എം ഒലവക്കോട് ലോക്കൽകമ്മിറ്റി മാട്ടുമന്ത മുതൽ മണൽമന്തവരെ പ്രതിഷേധശൃംഖല തീർത്തു. പ്രതിഷേധശൃംഖലയിൽ നിരവധിപേർ അണിനിരന്നു. ആളുകൾ വീട്ടുമുറ്റത്തിറങ്ങി സമരത്തിന്റെ ഭാഗമായി. വാഹനങ്ങൾ നിർത്തിയിട്ട് വാഹനയാത്രക്കാരും പ്രതിഷേധശൃംഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാട്ടുമന്തയിൽ നടന്ന പ്രതിഷേധയോഗം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി സുരേഷ് അധ്യക്ഷനായി. ടി കെ നൗഷാദ് സംസാരിച്ചു. വി രവീന്ദ്രൻ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.