റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്
വടവന്നൂർ: ജില്ലയിൽ ആദ്യമായി റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കൊല്ലങ്കോട് സ്റ്റേഷനിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോളിഫ്ലവർ, പയർ, ചീര, വാഴ, മരച്ചീനി എന്നിവയാണ് കൃഷി ചെയ്തത്. എല്ലാ ജീവനക്കാരുടെയും ശ്രദ്ധയും പരിപാലനവുമാണ് നല്ല രീതിയിൽ വിളവെടുപ്പിലെത്താൻ വഴിവെച്ചതെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. 76,500 രൂപയാണ് സ്റ്റേഷനിൽ പച്ചക്കറി കൃഷി പദ്ധതിക്കായി കൃഷി വകുപ്പ് നൽകിയത്. വിളവെടുപ്പ് വടവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. സക്കീർ ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടർ ജാനറ്റ് ഡാനിയൽ, ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ വി.എസ്. അശോക്, കൃഷി ഓഫിസർ ബഷീർ അഹമദ് തുടങ്ങിയവർ വിളവെടുപ്പിൽ പങ്കാളികളായി