പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 21 കിലോ കഞ്ചാവ് പിടികൂടി – കായംകുളം സ്വദേശി അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി.
ആന്ധ്ര – ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിക്കവേ, പാലക്കാട്ട് ആർപിഎഫ് – എക്സ്സൈസിന്റെ ക൪ശനപരിശോധന കണ്ട് ട്രെയിനിൽ നിന്നും ഇറങ്ങി മറഞ്ഞിരുന്ന് പിന്നീട് പുറത്തു കടക്കാനായി റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനടുത്തെത്തിയപ്പോഴാണ് കായംകുളം ചിങ്ങോലി സ്വദേശിയായ മഹേഷ് മുരളി(27)യെ 21.2 കിലോ കഞ്ചാവുമായി സ൦യുക്ത സംഘം അറസ്റ്റു ചെയ്തത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കിടയിലെ മൊത്തവിതരണക്കാരനാണ് പ്രതി എന്നാണ് പ്രാഥമികാന്വേഷണത്തിൽ അറിഞ്ഞത്.
ആലപ്പുഴയിൽ ഹൗസ്ബോട്ട് ജീവനക്കാരൻ ആയ മഹേഷ് തന്റെ ജോലി ലഹരി വിൽപ്പനയ്ക്കു മറയാക്കിയതായി സംശയിക്കുന്നു. ഇയാൾക്ക് മറ്റു ലഹരിക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
ട്രെയി൯ മാർഗം ഉള്ള കഞ്ചാവ് കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് സിഐ എ൯.കേശവദാസ്,
എക്സ്സൈസ് സിഐ പി.കെ.സതീഷ്, ആ൪പിഎഫ് സബ് ഇൻസ്‌പെക്ടർ എ.പി അജിത് കുമാർ, എഎസ്ഐമാരായ സജു.കെ, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ മാരായ അജീഷ്.ഒ.കെ, എ൯.അശോക്, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ പ്രസാദ്.കെ, സന്തോഷ് കെ.എൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ സാദത്ത്, കണ്ണദാസൻ
എന്നിവരടങ്ങിയ പ്രത്യേകസ൦ഘ൦ നടത്തിയ പരിശോധനയിലാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.