വായിച്ചാലും വളരും വായിച്ചില്ലേലും!
— അസീസ് മാസ്റ്റർ.
വായനയുടെ ലോകം അദ്ഭുതങ്ങൾ നിറഞ്ഞതാണ്. മിഥ്യയും യാഥാർത്ഥ്യവും കൂടിക്കലർന്ന ലോകത്ത് തനിച്ചുള്ള യാത്രയേക്കാൾ സുഖകരമായ മറ്റൊരു അവസ്ഥയില്ല, അതു പോലെയാണ് വായനയുടേതും. വായനയിലൂടെ ദീർഘവീക്ഷണമുള്ള ഒരു ജീവിതം കെട്ടിപ്പെടുക്കാനാവുന്നു. കഴിഞ്ഞ തലമുറകൾക്ക് വായന മാറ്റി വെച്ചുള്ള ഒരു ജീവിതം ഉണ്ടായിരുന്നില്ല. ഔപചാരിക വിദ്യാഭ്യസം ലഭിക്കാത്ത തലമുറകൾ ബീഡിക്കമ്പനിയിലെ ജോലിക്കിടയിലും വായനശാലകളുമായി പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് ആണ് വളർന്നത്. വായനയെ അകറ്റി നിറുത്തിയവരാവട്ടെ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് മുന്നിൽ ഒന്നും ചെയ്യാനാവാതെ കിണറ്റിലെ തവളകളായി മാറി.
കാലം മാറി, കടലാസു രഹിത വായനയുടെ ഇടമായി ലോകം മുന്നോട്ടു വരികയാണ്. ഇൻഫർമേഷൻ ടെക്നോളജിയുടെ വിപ്ലവം വായനയുടെ പല തലത്തിലുള്ള വികാസങ്ങൾക്ക് ഗുണം ചെയ്തു. ശബ്ദവും കാഴ്ചയും ജനപ്രിയ മാധ്യമമാകുന്ന കാലത്തും ക്ലാസിക്ക് വായനകൾക്ക്, പ്രത്യേകിച്ച് ലോക്ക് ഡൗൺ കാലത്ത് ഏറെ പ്രചാരം കിട്ടി. ചുരുക്കി പറഞ്ഞാൽ 1926ൽ സനാതന ധർമ്മം എന്ന ഗ്രന്ഥശാല സ്ഥാപിച്ച പി എൻ പണിക്കരുടെ പിൻഗാമികൾ വിരൽത്തുമ്പിൽ വായനശാലയെ കൊണ്ടു നടക്കുന്ന വളർച്ചയിലെത്തി.
വർത്തമാന പത്രങ്ങൾക്ക് സാധാരണക്കാരുടെ വായനയെ സ്വാധീനിക്കായതിൻ്റെ മൂന്നിരട്ടിയാണ് ഇൻ്റർനെറ്റ് വായന വലുപ്പ ചെറുപ്പമില്ലാതെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നത്. വായയും നാക്കും മൂക്കും ചെവിയും എല്ലാം അറിവുകൾക്കായി തുറന്നു വെച്ച കോവിഡ് കാലത്ത് പി എൻ പണിക്കരുടെ സംഭാവനകളുടെ വലുപ്പം മനസ്സിലാവും.
പലതരം വായനകളുണ്ട്. നല്ല വായന, നല്ല വ്യക്തിത്വത്തിന് ശക്തി പകരും. ആ ശക്തി സമൂഹത്തിൻ്റെ പുരോഗതിക്ക് കരുത്തേകുന്നു. ആയിരക്കണക്കിന് ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ യജ്ഞം തന്നെ വായിച്ചു വളരുന്ന തലമുറയിലൂടെ സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുക എന്നതു തന്നെയാണ്. ജോർജ്ജ് ആർ ആർ മാർട്ടിൻ പറഞ്ഞത് പോലെ ഒരു വായനക്കാരൻ മരിക്കുന്നതിന് മുൻപ് ആയിരം തവണ ജീവിക്കുന്നു. അതേ പോലെ പ്രസക്തമായതാണ് റേ ബ്രാഡ്ബറിയുടേത് -” ഒരു സംസ്കാരം നശിപ്പിക്കാൻ നിങ്ങൾ പുസ്തകങ്ങൾ കത്തിക്കേണ്ടതില്ല. അവ വായിക്കുന്നത് നിർത്തുക” എന്ന പ്രസ്താവന.
എല്ലാ വർഷവും ജൂൺ 19 മലയാളിക്ക് ദേശീയ വായന ദിനമാണ്. വായനയുടെ വിശാലമായ ലോകം തുറന്ന തന്ന പി എൻ പണിക്കരുടെ ചരമദിനം ആഘോഷിക്കുന്നതിലൂടെ, വായനദിനത്തിൻ്റെ പ്രാധാന്യം ഇപ്പോഴും നില നിൽക്കുന്നുവെന്ന സന്തോഷം ചെറുതല്ല. സമൂഹ മാധ്യമങ്ങളിൽ വായനയുടെ വിശാലമായ ലോകം തുറന്നിട്ടതിന് മുൻപേ ഗ്രന്ഥശാല പ്രവർത്തനത്തിലൂടെ വായനയുടെ വിത്തിട്ട പി എൻ പണിക്കർക്ക് ഹൃദയത്തിൽ നിറഞ്ഞ പ്രണാമം.
” വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ച് വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും” – എന്ന കുഞ്ഞുണ്ണിക്കവിതയോളം വായനയുടെ പ്രാധാന്യം മലയാളികൾക്ക് വായനാദിനത്തിന് നൽകാനില്ല. ചിന്തയേയും നിലപാടുകളയും വരെ സ്വാധീനിക്കാൻ കഴിയുന്ന ക്രിയാത്മ പക്രിയയായി വായനദിനം മാറട്ടെ. മനുഷ്യൻ്റെ അവിഭാജ്യമായ സാംസ്കാരിക പ്രവർത്തനമായ വായന സാങ്കേതിക രംഗത്തും മുതൽക്കൂട്ടാവട്ടെ. ആധുനിക ഭാരതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ അകാലത്തു പൊലിഞ്ഞ ഒരു രാഷ്ട്രതന്ത്രജ്ഞനായ രാജീവ് ഗാന്ധിയെ കുറിച്ചാവട്ടെ ഈ കോ വിഡ് മഹാമാരി കാലത്തെ വായനദിനാചരണം.
- അസീസ് മാസ്റ്റർ.