റേഷൻ വിതരണത്തിന് ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന് പരാതി
പാലക്കാട്: റേഷൻ വിതരണത്തിനായി മില്ലിൽനിന്ന് ഗോഡൗണിലേക്ക് കൊണ്ടുവന്ന സി.എം.ആർ (കസ്റ്റം മിൽഡ് റൈസ്) മട്ട അരി ഗുണമേന്മയില്ലെന്ന കണ്ടെത്തി തിരിച്ചയച്ചു. മണ്ണാർക്കാട് താലൂക്കിലെ സ്വകാര്യ മില്ലിൽനിന്ന് പാലക്കാട് ഡിപ്പോയിലെ കഞ്ചിക്കോട് ഗോഡൗണിലേക്ക് കൊണ്ടുവന്ന സി.എം.ആർ അരിയാണ് തിരിച്ചയത്. മഞ്ഞ നിറം കലർന്ന കറുത്ത അരിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചയച്ചത്. സപ്ലൈകോക്ക് വേണ്ടി മില്ലുകൾ കർഷകരിൽനിന്ന് സംഭരിച്ച നെല്ല് അരിയാക്കിയാണ് റേഷൻകട വഴി സി.എം.ആർ മട്ട എന്ന േപരിൽ വിതരണം ചെയ്യുന്നത്. നാലുലോഡ് അരിയാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട്ടെ ഒരു സ്വകാര്യ മില്ലിൽനിന്ന് റേഷൻ വിതരണത്തിനായി ഗോഡൗണിൽ എത്തിയത്. നെല്ല് അരിയാക്കി മാറ്റിയാൽ പാഡി മാർക്കറ്റിങ് ഓഫിസർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുണമേന്മ പരിശോധന കഴിഞ്ഞ് ബാച്ച് നമ്പർ അനുവദിച്ച അരിയാണ് വിതരണത്തിനായി ഗോഡൗണിൽ എത്തുന്നത്. 100 കിലോ നെല്ല് സംഭരിച്ചാൽ 64.5 കിലോ ഗുണമേന്മയുള്ള അരിയാണ് തിരികെ നൽകേണ്ടത്. ഇതിനായി നിശ്ചിത ഗുണമേന്മയുള്ള നെല്ല് മാത്രമാണ് കർഷകരിൽനിന്ന് സംഭരിക്കുന്നത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ തലത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി സൂചനയുണ്ട്.