അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു
നെമ്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ രണ്ട് രോഗികളിൽ നിന്നായി മൂന്നും ഒന്നും കിലോയോളം തൂക്കം വരുന്ന ട്യൂമർ നീക്കം ചെയ്തു. വണ്ടിത്താവളം സ്വദേശിനി (43), നെമ്മാറ കൂടല്ലൂർ സ്വദേശി (31) എന്നിവരുടെ വയറ്റിൽ നിന്നാണ് വിവിധ ദിവസങ്ങളിലായി ഗ്യാസ്ട്രോഎൻട്രോളജി സർജൻ ഡോക്ടർ പീതാംബരൻ എംഎസ് ന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിജയകരമായി ശസ്ത്രക്രിയയിലൂടെ ട്യൂമർ പുറത്തെടുത്തത്. ഡോ. രാജ് കമൽ പീതാംബരൻ ഡോക്ടറെ അസ്സിസ്റ്റ് ചെയ്തു.
രക്തം ഛർദിചതിനാലാണ് വണ്ടിത്താവളം സ്വദേശിനി ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. ഇവർക്ക് രക്തം ഛർദിക്കൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് അതിദുർഗന്ധത്തോടെയുള്ള മലവിസർജനം എന്നിവയായിരുന്നു ലക്ഷണങ്ങൾ.അനസ്തേഷ്യോളജിസ്റ്റ് ഡോ. ടോബു വർഗീസ് അനസ്തേഷ്യ നൽകിയാണ് ഇവർക്ക് ഡിസ്റ്റൽ പാൻക്രിയാറ്റോ സ്പ്ളീനെക്ടമിയിലൂടെ ഒരു കിലോയോളം തൂക്കം വരുന്ന ട്യൂമർ നീക്കം ചെയ്തത്. അതായത് പാൻക്രിയാസ് ഗ്രന്ഥിയിലാണ് ട്യൂമർ കണ്ടെത്തിയത് , പാൻക്രിയാസ് ഗ്രന്ഥിയുടെ അഗ്രഭാഗവും സ്പ്ലീനും അടുത്തടുത്തു സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ്. ട്യൂമർ വയറിനകത്ത് വ്യാപിച്ച നിലയിലായിരുന്നതിനാലാണ് ഇവരുടെ നില ഗുരുതരമായത്. കൃത്യസമയത്തെ ചികിത്സയിലൂടെ പാൻക്രിയാസിന്റെ അഗ്രഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയായിരുന്നു. സാധാരണ ഗതിയിൽ പാൻക്രിയാസ് സർജറി അതീവ സങ്കീർണ്ണമാണ്. അത്യപൂർവ്വമായേ ഇത്രയും വലിയ ട്യൂമർ നീക്കം ചെയ്യാൻ സാധിക്കുകയുള്ളു.
കൂടല്ലൂർ സ്വദേശിക്കു ഒരുമാസത്തോളമായി തുടർന്ന് വന്ന വയറുവേദനക്ക് നടത്തിയ പരിശോധനയിലാണ് സ്പ്ലീനിൽ മുഴ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ശക്തമായ വയറുവേദനയായിരുന്നു മുഖ്യ ലക്ഷണം.
അനസ്തേഷ്യോളജിസ്റ്റ് ഡോ. ദീപക് ഫൽഗുണൻ അനസ്തേഷ്യ നൽകിയാണ് മൂന്ന് കിലോയ്ക്കടുത്ത് ഭാരം വരുന്ന സ്പ്ലീൻ ഇവരിൽ നിന്ന് നീക്കം ചെയ്തത്.
ഏതാണ്ട് 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്പ്ലീൻ. ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്. അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ്. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ തവിട്ടുനിറത്തിലുള്ള അവയവമാണ് പ്ലീഹ. ഈ അവയവത്തിന് തകരാർ സംഭവിക്കുമ്പോഴാണ് സ്പ്ലീനെക്ടമിക്ക് വിധേയരാവേണ്ടി വരിക. ചില കാൻസർ, അണുബാധ, കാൻസറിനു കാരണമാകാത്ത ചില സിസ്ററ്, അല്ലെങ്കിൽ ട്യൂമർ ഇവയെല്ലാമാണ് സ്പ്ലീനിനെ ബാധിക്കുന്ന മറ്റ് തകരാറുകൾ.
ഇരുവരെയും രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു. ഏതുവിധത്തിലുള്ള അടിയന്തിര ഘട്ടങ്ങളിലും ഇരുപത്തിനാല് മണിക്കൂർ സേവനങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം അവൈറ്റിസില് ലഭ്യമാണെന്നും സിഇഒ കെ.വിനീഷ് കുമാർ അറിയിച്ചു.