പെരുന്നാൾവിപണിയിൽ തിരിച്ചടി
വസ്ത്ര വ്യാപാര മേഖല ആശങ്കയിൽ
പാലക്കാട്
കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ വസ്ത്രവ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ലോക് ഡൗണിനുശേഷം കോവിഡ് കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗം പിടിമുറുക്കുന്നത്. നിയന്ത്രണം കർശനമാക്കിയതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകിട്ട് 7.30വരെയാക്കി. മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കടകളിൽ പൊലീസ് പരിശോധന ശക്തമാണ്.
ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ തുണിക്കടകളിൽ തിരക്കില്ല.
കടകളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വരാൻ മടിക്കുകയാണെന്ന് വസ്ത്രവ്യാപാര ഉടമകൾ പറയുന്നു. തുണിക്കടകളിൽ നേരത്തേപോലെ വസ്ത്രങ്ങൾ ഇട്ട്നോക്കി എടുക്കാനും കഴിയില്ല.
രോഗവ്യാപന സാധ്യതയുള്ളതിനാൽ എല്ലാ തുണിക്കടകളും ഇത് കർശനമായി വിലക്കിയിട്ടുണ്ട്.
ചെറുതും വലുതുമായ അയ്യായിരത്തോളം തുണിക്കടകളാണ് ജില്ലയിലുള്ളത്. പാലക്കാട് നഗരത്തിൽ മാത്രം 325 കടകളുണ്ട്. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യനിയന്ത്രണമുള്ളതിനാൽ കടകൾ തുറക്കാറില്ല.
പെരുന്നാൾവിപണിക്ക് ഉത്തരേന്ത്യയിൽനിന്ന് ലോഡ് കണക്കിന് തുണി മാർച്ച് ആദ്യംതന്നെ ജില്ലയിലെ എല്ലാ കടകളിലും എത്തി. കോവിഡ്‌വ്യാപനം വർധിച്ചതോടെ 70 ശതമാനം വ്യാപാരം കുറഞ്ഞു.
വിപണി ഇടിയുന്നതോടെ തുണികൾ കെട്ടിക്കിടക്കേണ്ട അവസ്ഥ വരും. ഇതോടെ വ്യാപരികൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുക. ചെറുകിട വസ്ത്രവ്യാപാരങ്ങളിൽ ദിനംപ്രതി നടക്കുന്ന വ്യാപാരത്തിൽ 25% കുറവുണ്ടെന്ന് വ്യാപാരികൾ പറയുന്നു