തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണം
കരിമ്പ:ഇന്നലെയുണ്ടായ കനത്ത മഴയിൽ കരിമ്പ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ മൂന്നേക്കർ, ചുള്ളിയാംകുളം -അട്ടക്കുണ്ട് തോട് കരകവിഞ്ഞൊഴുകിയതോടെ തോടിൻ്റെ ഒരുഭാഗം ഇടിഞ്ഞു. ഇതോടെ ഇതുവഴിയുള്ള സഞ്ചാരം തടസപ്പെട്ട നിലയിലായി.മണ്ടനാട് ഭാഗത്തു നിന്നുള്ള മലവെള്ളം തുപ്പനാട് പുഴയിലേയ്ക്കെത്തുന്നത് ഈ തോട്ടിലൂടെയാണ്.തോട്ടിൽ പതിവിനു വിപരീതമായി ജലനിരപ്പുയരുന്നത് പ്രദേശവാസികളിൽ അശങ്കയുളവാക്കുന്നുണ്ട്.തോട് കരകവിഞ്ഞൊഴുകിയതോടെ കല്ലടിയിൽ അരവിന്ദാക്ഷൻ്റെ വീട് അപകട ഭീഷണി നേരിടുന്ന അവസ്ഥയാണുള്ളത്.പ്രദേശത്തെ ക്യഷിയിടങ്ങൾക്കും ഇത് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തംഗം അനിതാ സന്തോഷിൻ്റെ നേതൃത്വത്തിൽ മണൽ ചാക്കുകൾ അടുക്കി തകർന്ന വഴി താൽക്കാലികമായി സഞ്ചാര യോഗ്യമാക്കിയിട്ടുണ്ട്.ജനങ്ങളിൽ ഭീതി വളർത്തുന്ന രീതിയിൽ തകർച്ചയിലായ തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം അനിത സന്തോഷ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.










