പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി
പട്ടാമ്പി: കുലുക്കല്ലൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
തറവാട്ടമ്പലം സ്ഥിതിചെയ്യുന്ന കുലുക്കല്ലൂർ തത്തനംപുള്ളിയിലേക്ക് വന്ന ഇദ്ദേഹം വൈകീട്ട് പുഴയിൽ കുളിക്കാൻ പോയതായിരുന്നു. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം എന്നീ സ്ഥലങ്ങളിലെ ഫയർഫോഴ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൈകീട്ട് തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
രാത്രി പത്തുമണിയോടെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് പുനരാരംഭിച്ചു. ഈ പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സ് യൂണിറ്റിന് ഒപ്പം തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.