വില നൂറിലേക്ക്
പാലക്കാട്, സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 രൂപയായിരുന്നു ഒരാഴ്ച മുൻപത്തെ വില.
അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാൻ കാരണം. കൃഷിനാശംമൂലം ഉത്പാദനം കുത്തനെ കുറഞ്ഞു. തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.
ഇക്കൊല്ലം കർണാടകയിൽ ഏതാണ്ട് പൂർണമായും കൃഷി നശിച്ചു. മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്പാദനം വളരെ കുറവാണ്.
നാസിക്, പുണെ, അഹമ്മദ് നഗർ മാർക്കറ്റുകളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ സവാള എത്തുന്നത്. ചൊവ്വാഴ്ച അവിടങ്ങളിലെ മൊത്തവില 90 രൂപയായി ഉയർന്നു. ഇതിനുപുറമേ ഏഴ് ശതമാനം കമ്മിഷനും ഒരു ശതമാനം മാർക്കറ്റ് സെസ്സും കൊടുക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം അടുത്തദിവസങ്ങളിൽ കേരളത്തിലെ വിൽപ്പനവില നൂറുകടക്കും. വിലകൂടുന്ന പ്രവണതയുള്ളതിനാൽ മഹാരാഷ്ട്രയിലെ ഇടനിലക്കാർ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും വിവരമുണ്ട്.