മോഷ്ടിച്ച സ്കൂട്ടറുമായി എത്തിയ യുവാക്കൾ പൊലീസിനെ മർദ്ധിച്ചു
മുണ്ടൂർ∙ തട്ടിയെടുത്ത സ്കൂട്ടറുമായി വന്ന തമിഴ്നാട് സ്വദേശികൾ പൊലീസിനെ ആക്രമിച്ചു. ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്ന ധർമപുരി സ്വദേശി പെരിയണ്ണ (23), മുനി സ്വാമി (19) എന്നിവർ ജെസിബി ഉടമയുടെ സ്കൂട്ടർ തട്ടിയെടുത്തു വരികയായിരുന്നു. ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് കോങ്ങാട് പൊലീസ് ഇവരെ പിടികൂടാൻ തയാറായി നിന്നെങ്കിലും ഇവർ രക്ഷപ്പെട്ടു.
മുണ്ടൂർ ജംക്ഷനിൽ പൊലീസ് ഒൗട്ട് പോസ്റ്റിലെ സിപിഒ സൈഫുദ്ദീൻ സ്കൂട്ടർ തടഞ്ഞുനിർത്തിയെങ്കിലും ഇദ്ദേഹത്തെ ചവിട്ടിവീഴ്ത്തി ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. സൈഫുദ്ദീനു കാലിനു പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ കൂടി സഹായത്തോടെ ഇവരെ തടഞ്ഞുവയ്ക്കാനായി. പിന്നാലെ കോങ്ങാട് പൊലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.