പാലക്കാട്: സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള സാങ്കേതികവിദ്യയിലൂടെ റോഡുകൾ പുനർനിർമിക്കാൻ പൊതുമരാമത്ത് നടപടിയാരംഭിച്ചു.
പാലക്കാട് ജില്ലയിലെ വള്ളക്കാട്-മൂലക്കട റോഡ്, പുലാപ്പറ്റശ്ശേരി റോഡ് എന്നിവയാണ് പ്ലാസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിക്കുന്നത്. രണ്ടുമുതൽ ഏഴ് കിലോമീറ്റർ വരെ ദൈർഘ്യത്തിലുള്ള റോഡുകളാണ് ഇങ്ങനെ പണിയുന്നത്. പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് നിർമിക്കുന്ന റോഡുകൾക്ക് 15 ശതമാനം അധികച്ചെലവ് കണക്കാക്കിയാണ് നിർമാണം പൂർത്തിയാക്കുക. പൊതുമരാമത്തിലെ റോഡ്സ് വിഭാഗം എൻജിനിയർമാർക്ക് പ്ലാസ്റ്റിക് റോഡ് നിർമാണത്തിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പരിശീലനം ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്നുണ്ട്.
ശരാശരി ഏഴുമീറ്റർ വീതിയുള്ള റോഡ് കിലോമീറ്ററിന് ഒരുകോടിയാണ് നിർമാണച്ചെലവ്. മൂന്നുവർഷമാണ് സാധാരണ വാറൻറി, ഇത് ദേശീയപാതകളിൽ അഞ്ചുവർഷമായി ഉയർത്താനും നടപടിയുണ്ട്. 10 കിലോമീറ്റർ റോഡ് നിർമാണത്തിൽ ഒരു കിലോമീറ്റർ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിർമിക്കണമെന്ന് ഈയിടെ സർക്കാർ നിർദേശംനൽകിയിരുന്നു.
ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് റോഡുകൾക്കാവശ്യമായ പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിന് ലഭിക്കുന്നത്. കോർപ്പറേഷനുകൾ, നഗരസഭകൾ, ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ള ശുചീകരണസംവിധാനങ്ങളിലുടെ ലഭിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റുകളിലൂടെ തരികളാക്കിമാറ്റിയാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്.