പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതി ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്
റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ ഒന്നിന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനാകും. മുണ്ടൂര്‍ സുധീഷ് ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ എം.പി, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പദ്ധതിക്കായി ചെലവാക്കുന്നത് 360 കോടി
പ്രളയത്തില്‍ തകര്‍ന്നുപോയ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ‘പുതിയ കാലം പുതിയ നിര്‍മാണം’ എന്ന ആശയത്തില്‍ ഊന്നിയാണ് ജില്ലയിലെ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയോജക മണ്ഡലങ്ങളുടെ കടന്നുപോകുന്ന പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാനപാതയുടെ മുണ്ടൂര്‍ ജംഗ്ഷന്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്.
കെ.എസ്.റ്റി.പി (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്) വഴി നടപ്പിലാക്കുന്ന പദ്ധതിക്കായി 360.35 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനി നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
റോഡ് സുരക്ഷയും പ്രകൃതിക്ഷോഭങ്ങളുടെ അതിജീവനത്തിനും പരിഗണന നല്‍കുന്ന നൂതനവും സാങ്കേതികത്തികവുള്ളതുമായ നിര്‍മ്മാണ രീതിയാണ് സ്വീകരിക്കുന്നത്. നിലവിലുള്ള രണ്ടുവരി പാതയെ നാലുവരിപാതയാക്കി നവീകരിക്കുകയും നിലവിലുള്ള അഞ്ച് പാലങ്ങളില്‍ രണ്ടെണ്ണം വീതി കൂട്ടുകയും ഒന്ന്് പുതുക്കി പണിയുകയും ഒരു പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിര്‍മിക്കുകയും ചെയ്യും. കൂടാതെ സംരക്ഷണഭിത്തി, കലുങ്കുകള്‍, ഡ്രെയിനേജ്, നടപ്പാത, ഹാന്‍ഡ്‌റൈയില്‍, ക്രാഷ് ബാരിയര്‍, ബസ് ബേ, ബസ് ഷെല്‍ട്ടര്‍ എന്നിവയും നിര്‍മിക്കും. ജംഗ്ഷനുകളുടെ നവീകരണം, റോഡ് മാര്‍ക്കിങ്ങ്, ദിശാ സൂചന ബോര്‍ഡുകള്‍, വേഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്