ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുമ്പോൾ പെഗാസസ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പെഗാസസ് ചാര സോഫ്റ്റ്വേർ ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങിയതാണെന്ന ‘ന്യൂയോർക് ടൈംസി’ന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെടുന്നതോടെ പെഗാസസ് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും എന്നതു തന്നെ കാര്യം.
പെഗാസസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക എന്നു വേണം കരുതാൻ.
ഇന്ത്യ ഇസ്രയേലിൽനിന്ന് പെഗാസസ് വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പെഗാസസിലെ ഹർജിക്കാരിലൊരാളായ അഡ്വ. എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചത്.
പെഗാസസ് വാങ്ങാൻ ചെലവിട്ട പൊതുപണത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ഇടപാടിൽ ബന്ധപ്പെട്ടവരെ വിചാരണ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇസ്രയേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി കേന്ദ്രസർക്കാർ 2017 ജൂലായിൽ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഇടപാട് പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെയും ബി.ജെ.പി.യുടെയും വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങൾക്കുവേണ്ടി നടത്തിയ വിശ്വാസവഞ്ചനയാണിത്. പൊതുപണം ഉപയോഗിച്ചുള്ള ഇടപാട് റദ്ദാക്കി തുക തിരിച്ചുപിടിക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പെഗാസസ് ഉപയോഗിച്ച് ഫോൺചോർത്തിയെന്ന പരാതികൾ അന്വേഷിക്കാൻ ഒക്ടോബർ 23-ന് സുപ്രീംകോടതി സ്വതന്ത്രവിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് സമിതി വിവരങ്ങൾ തേടാനാരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ന്യൂയോർക്ക് ടൈംസിന്റെ പുതിയ വെളിപ്പെടുത്തൽ വന്നത് എന്നത് രാഷ്ട്രീയപരമായ കോളിളക്കത്തിനാണ് വഴിയൊരുക്കുക.
കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കുമ്പോഴും പെഗാസസിന് തന്നെയായിരിക്കും മുൻതൂക്കം നൽകുക. കാരണം,ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നതും പെഗാസസ് വിഷയം ഉയർന്നു വരുന്നതും. എല്ലാവർക്കും ശുഭ സായാഹ്നം. ജയ് ഹിന്ദ്