നഗരസഭയുടെ മുപ്പത്തിയാറ് വാർഡുകളിലും തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധിച്ചു.
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മുപ്പത്തിയാറ് വാർഡുകളിലും രാത്രികാലങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ ചൂട്ടും കത്തിച്ചു പോകേണ്ട അവസ്ഥയാണ്. നഗരസഭയിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ മോഹൻ, സെക്രട്ടറി ജിയോ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പന്തംകൊളുത്തി പ്രതിഷേധിച്ചത്.
തോട്ടക്കരയിൽ നിന്നും ആരംഭിച്ച് ടി.ബി റോഡ് വഴി പാലാട്ട് റോഡിൽ സമാപിച്ചു.നഗരസഭയിലെ തെരുവിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് കരാർ എടുക്കാൻ ആൾ ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. കഴിഞ്ഞ ഭരണസമിതി കാലത്ത് കരാർ എടുത്ത കമ്പനിയാകട്ടെ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്തതും ഇല്ല. ഈ കോവിഡ് മഹാമാരി കാലത്തും രാത്രികാലങ്ങളിൽ ആളുകൾക്ക് വീടുകളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇരുട്ടിൽ തപ്പി നടക്കേണ്ട അവസ്ഥയാണ്. ഇഴജന്തുക്കളുടെ മറ്റും ശല്യമുള്ള പ്രദേശങ്ങളിൽ ഭയത്തോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. സാമൂഹ്യ വിരുദ്ധരുടെയും, കള്ളന്മാരുടെയും ശല്യമുള്ള തോട്ടക്കരയിലും, പരിസരപ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടെ പോലീസ് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ മോഹൻ ആവശ്യപ്പെട്ടു.
ഫോട്ടോ അടിക്കുറിപ്പ്.. യൂത്ത് ഫ്രണ്ട് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽ മോഹന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിക്കുന്നു










