പാലക്കാട്: ജില്ല ആയുർവേദ ആശുപത്രിയുടെ ബോർഡിൽനിന്ന് റാവു ബഹാദൂർ ഓട്ടൂർ വാസവമേനോനെ നീക്കം ചെയ്തതായി ആക്ഷേപം.
പഴയ ബോർഡ് മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ ജില്ല പഞ്ചായത്തും ആയുർവേദ വിഭാഗവും വാസവമേനോനെ വെട്ടിമാറ്റിയെന്ന് പാലക്കാട് ഹിസ്റ്ററി ക്ലബ് ഭാരവാഹി ബോബൻ മാട്ടുമന്ത പരാതിയിൽ പറയുന്നു. ബ്രിട്ടീഷ് പൊലീസ് ഓഫിസറായിരുന്ന മേനോന് ജന്മാവകാശമായി കിട്ടിയ ഒരു ഏക്കർ സ്ഥലവും ആറ് മുറികളുള്ള ഓടിട്ട കെട്ടിടവും അതിനോടനുബന്ധിച്ചുണ്ടായിരുന്ന ഓല വീടുമാണ് ഇന്നത്തെ ജില്ല ആയുർവേദ ആശുപത്രിയായത്.
മരണാനന്തരം ആശുപത്രിയുടെ നടത്തിപ്പിലേക്ക് പ്രതിവർഷം 600 രൂപയും മേനോൻ വകയിരുത്തിയിരുന്നു. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറിനും ഡി.എം.ഒക്കും പരാതി നൽകിയതായി ബോബൻ മാട്ടുമന്ത പറഞ്ഞു. എന്നാൽ, വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരാതി പരിശോധിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ പറഞ്ഞു.










