മലമ്പുഴ: അകത്തേത്തറ മേൽപാലം പണി ഒച്ചിനേപ്പോലെ ഇഴയുമ്പോൾ ഈ മേഖലയിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങളും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും വർഷങ്ങളായി സർവ്വീസ് റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ്.മഴ പെയ്തതോടെ പാലത്തിനടിയിലെ മൺ റോഡ് ചെളികുളമായി മാറി. ഇരുചക്രവാഹനക്കാരും കാൽനടക്കാരും തെന്നി വീണ് ചെളിയിൽ ഉരുണ്ടാണ് പോകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കും ജനങ്ങളുടെ ദേഹത്തേക്കും ചെളി തെറിക്കുന്ന ദുരിത കാഴ്ച്ച സ്ഥിരം പതിവാണെന്നും സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കം ചെളിയിൽ വീഴാറുണ്ടന്നും ഇതിനൊരു ശ്വാശ്വത പരിഹാരം കാണണമെന്നും പരിസരവാസിയായ ഷെറീഫ് പറഞ്ഞു.കഴിഞ്ഞ ദിവസം സ്കൂട്ടിയിൽ നിന്നും വീണ സ്ത്രീയുടെ കാലിലേയും തുടയിലേയും തൊലി അടർന്നു പോയത് പഴുത്ത് ചികിത്സയിലാണെന്നും അവർ പ്രമേഹരോഗിയായതിനാൽ പ്രശ്നം ഗുരുതരാവസ്ഥയാണെന്നും അവരുടെ ഭർത്താവ് പറഞ്ഞതായി എടു സെഡ് കടയിലെ ജീവനക്കാരൻ അലി പറഞ്ഞു.
പാലവും അനുബന്ധ മരാമത്തു പണികളും കരാറെടുത്ത കമ്പനി വിവിധ പണികൾ സബ്ബ് കോൺട്രാക്ട് കൊടുത്തിരിക്കയാണ്. എന്നാൽ വേണ്ടത്ര പണം ലഭിക്കാത്തതിനാൽ അവരിൽ പലരും പണികൾ പാതി വഴിയിൽ നിർത്തി പോയിരിക്കയാണെന്നും നാട്ടുകാർ ആരോപിച്ചു. പാലം പണിക്കു വേണ്ടി മുറവിളി കൂട്ടിയവരെ ആരേയും ഈ ദുരാവസ്ഥയിൽ ഇടപെടാൻ കാണുന്നില്ലെന്നും പാലം പണിക്കു മുമ്പ് പെട്ടെന്ന് തന്നെ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആരോപിച്ചു. വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ഫോട്ടോ: പണി നടക്കുന്നമേൽപാലത്തിനടിയിലെ സർവ്വീസ് റോഡിലൂടെ ചെരുപ്പ് ഊരി കൈയിൽ പിടിച്ച് നടക്കുന്ന കാൽനടയാത്രക്കാരൻ .ഫോട്ടോ: ജോസ് ചാലയ്ക്കൽ