പാലക്കാട് : വാഹനാപകടനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. താലൂക്കടിസ്ഥാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന വ്യാപിച്ചതോടെയാണ് പാലക്കാട് ജില്ലയില്‍ അപകടനിരക്ക് കുറഞ്ഞത്.മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് പുറമേ കോവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണങ്ങളും അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായി.
മണ്ണാര്‍ക്കാടൊഴികെയുള്ള എല്ലാ താലൂക്കിലും മരണ-അപകട നിരക്കുകള്‍ കുറഞ്ഞു. മണ്ണാര്‍ക്കാട്ട് 2019 ല്‍ 183 പേര്‍ അപകടത്തിലായി 24 പേര്‍ മരിച്ചപ്പോള്‍ 2021 ല്‍ 194 അപകടം നടക്കുകയും 27 പേര്‍ മരിക്കയും ചെയ്തെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്.താലൂക്ക് തലങ്ങളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഒപ്പം അപകടങ്ങള്‍കൂടുതലുള്ള റോഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതുമാണ് റോഡില്‍ കുറേയേറെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിച്ചത്.
ജില്ലയില്‍ ഒക്ടോബറില്‍ നടന്ന അപകടങ്ങളില്‍ മരണം സംഭവിച്ചതില്‍ 43 ശതമാനവും വൈകീട്ട് മൂന്നുമണിക്കും രാത്രി ഒമ്ബതുമണിക്കുമിടയിലാണ്. 36 അപകടങ്ങളില്‍ നിന്നായി ആറുപേരാണ് മരിച്ചത്. രാവിലെ ഒമ്ബതുമണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് 37 അപകടങ്ങള്‍ നടക്കുകയും നാലുപേര്‍ മരിക്കയും ചെയ്തു. ഒക്ടോബറില്‍ 166 അപകടങ്ങളില്‍നിന്നായി 23 പേരാണ് മരിച്ചത്.മൂന്നുമാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 80.74 ലക്ഷം രൂപയാണ് പിഴയായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഈടാക്കിയത്. ഏറ്റവുംകൂടുതല്‍ പിഴയീടാക്കിയത് ഒക്ടോബറിലാണ് -30.13 ലക്ഷം രൂപ. സെപ്റ്റംബറില്‍ 23.32 ലക്ഷവും ഓഗസ്റ്റില്‍ 27.29 ലക്ഷവും പിഴയീടാക്കി.