മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക; പോപുലർ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്
പാലക്കാട് : മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യമുന്നയിച്ച് ജൂലൈ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പിലാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്. മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ പൂർണ്ണമായും അടിയന്തരമായി നടപ്പിലാക്കണം.
സച്ചാർ കമ്മിറ്റി നിർദേശത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാർകളെ തുടർന്ന് 2011 മുതൽ കേരളത്തിൽ നടപ്പാക്കി വന്നിരുന്ന മുസ്‌ലിം ന്യൂനപക്ഷ സ്കോളർഷിപ്പ് വിഹിതത്തിൽ മുസ്‌ലിംകൾക്കൊപ്പം പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 80:20 അനുപാതം നിശ്ചയിച്ച സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിലും നിലച്ചിരിക്കുന്നത്.
പൂർണമായും മുസ്‌ലിംകൾക്ക് അവകാശപ്പെട്ട പദ്ധതിയിൽ ഇതര വിഭാഗത്തെ ഉൾപ്പെടുത്തിയതിലൂടെയാണ് ഈ പദ്ധതി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് മുസ്‌ലിംകൾക്ക് ഏർപ്പെടുത്തുന്ന ക്ഷേമപദ്ധതികൾക്ക് ഭാവിയിൽ കോടതി വ്യവഹാരങ്ങൾക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂർണവും കുറ്റമറ്റതുമായ നിയമനിർമ്മാണം നടത്തണം.
സച്ചാർ കമ്മിറ്റി നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൻ്റെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പത്തിന നിർദേശങ്ങളാണ് പാലോളി കമ്മറ്റി മുന്നോട്ടുവച്ചത്. ഈ നിർദേശങ്ങൾ ഇനിയും സംസ്ഥാനത്ത് നടപ്പിലായിട്ടില്ല. സച്ചാർ- പാലോളി കമ്മിറ്റികളുടെ ശുപാർശകൾ പ്രകാരമുള്ള സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറു ശതമാനവും മുസ്‌ലിംകൾക്ക് മാത്രമായി ഉറപ്പുവരുത്തണം. ഒപ്പം പാലോളി കമ്മറ്റിയുടെ നിർദ്ദേശങ്ങളും ശുപാർശകളും അടിയന്തരമായി നടപ്പിലാക്കണം. 2016 ലും 2021 ലും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത പാലോളി കമ്മറ്റി ശുപാർശകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കി സർക്കാർ വാഗ്ദാനം പാലിക്കണം.
ഇതര സമുദായങ്ങൾക്ക് നൽകിവരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴിൽ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് തന്നെ ഇതിൻ്റെ പ്രകടമായ ഉദാഹരണമാണ്. ഇതോടൊപ്പം മുസ്‌ലിം വിഭാഗത്തെ അരികുവൽക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനും ശ്രമം നടക്കുന്നു. മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാർ, പി പി റഫീഖ്, സി എ റഊഫ്, ട്രഷറർ കെ എച്ച് നാസർ, അംഗങ്ങളായ ബി നൗഷാദ്, പി കെ യഹിയ തങ്ങൾ, പി കെ അബ്ദുൽ ലത്തീഫ്, എം കെ അഷ്റഫ് എന്നിവർ സംബന്ധിച്ചു.
സുധീർ ഹംസ
മീഡിയ കോഡിനേറ്റർ
ഫോൺ: 9745 9000 25