പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിൽ പൂട്ടിക്കിടന്ന കമ്പനിപരിസരത്തെ തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ വാളയാർ പൊലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി പിടികൂടി. കഞ്ചിക്കോട് പടിഞ്ഞാറേക്കാട് ഇഞ്ചിത്തോട്ടം മനോജ് എന്ന ലോകനാഥൻ (23), ആലാമരം ശിവാജിനഗർ സ്വദേശി ഗിരീഷ്‌കുമാർ (25), പാമ്പാംപള്ളം സ്വദേശി അഭിജിത് (18)എന്നിവരെ വാളയാർ സിഐ കെ സി വിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തതായി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകസംഘത്തിലെ നാലാമനെ പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 24ന് കോയമ്പത്തൂർ സ്വദേശി മൂർത്തിയെ (55) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആക്രിക്കച്ചവടക്കാരനായ ഇദ്ദേഹം അഞ്ചുവർഷമായി പൂട്ടിയിട്ട ഈ കമ്പനിപരിസരത്താണ് താമസിച്ചത്. പ്രതികൾ മദ്യപിക്കാനെത്തിയപ്പോൾ മൂർത്തി തടഞ്ഞതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.