അക്ഷരങ്ങളുടെ ലോകത്ത് നിന്നും എം ടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുന്നു. വാക്കുകള്‍ കൊണ്ടും ആഴമേറിയ ചിന്തകളാലും മലയാള സാഹിത്യലോകത്തിന് ഒട്ടേറെ സ്മരണകള്‍ സമ്മാനിച്ചാണ് എം ടി എന്ന രണ്ടക്ഷരമുള്ള ആ മഹാമാനുഷി കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. എം ടി വാസുദേവന്‍ കഴിഞ്ഞ വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതു മുതല്‍ തിരികെ വരുമെന്ന പ്രാര്‍ത്ഥനയിലായിരുന്നു സാഹിത്യപ്രേമികള്‍. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് വാര്‍ത്തകള്‍ക്കിടയിലും ആരോഗ്യത്തോടെ വന്നു ചേര്‍ന്ന് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന അനശ്വര കഥാപാത്രത്തെ പോലെ ഏറെക്കാലം നമുക്കൊപ്പം കഴിയുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍, വിധി മറിച്ചായിരുന്നു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എന്നും ജനമനസ്സുകളില്‍ സ്ഥാനം പിടിക്കും.
സായാഹ്നവുമായി ഏറെ അടുപ്പം കാണിച്ച ഒരു സാഹിത്യകാരന് എന്ന നിലക്ക് അദ്ദേഹത്തോടുള്ള കടപ്പാടും നന്ദിയും നേരത്തെ പല തവണ പത്രത്തിലൂടെയും ഓണപ്പതിപ്പിലൂടെയും വായനാലോകത്തോട് വെളിപ്പെടുത്തിയതാണ്. എങ്കിലും ആ കൈകളിലൂടെ സായാഹ്നം ഏറെ അനുഗ്രഹിക്കപ്പെട്ടുവെന്ന സന്തോഷം എത്ര തന്ന പറഞ്ഞാലും മതിയാവില്ലല്ലോ. സായാഹ്നം എന്നത് പത്രലോകത്ത് ചെറിയൊരു പുല്‍ക്കൊടി മാത്രമാണ്. എന്നാല്‍, വിശ്വവിഖ്യാതനായ എം ടി സായാഹ്നത്തിനും എനിക്കും നല്കിയ പരിഗണനയും സ്നേഹവും അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമല്ലാതെ മറ്റെന്താണ്. ഞങ്ങളെ ചേര്‍ത്തുപിടിച്ച, വായനാലോകത്ത് നവതിയോളം നീണ്ട എഴുത്തുകള്‍ സമ്മാനിച്ച, നയനമനോഹരമായി ദൃശ്യഭാഷകളൊരുക്കിയ എം ടി എന്നത് ഇനി ഓര്‍മ്മ മാത്രമായപ്പോള്‍….ബാഷ്പാഞ്ജലിയോടെ വിടചൊല്ലുകയാണ്. കണ്ണീര് പ്രണാമത്തോടെ….