ഗവ. മോയന്‍ സ്‌കൂള്‍ നവീകരണം ഉടന്‍
പൂര്‍ത്തിയാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
പാലക്കാട് മോയന്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ്കുമാര്‍ ആവശ്യപ്പെട്ടു. എട്ടു വര്‍ഷമായി നടക്കുന്ന പ്രവൃത്തികള്‍ക്ക് എട്ടു കോടി രൂപ അനുവദിച്ചിട്ടും പദ്ധതിയുടെ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ പോകുന്നത് ന്യായീകരിക്കാനാവില്ല. പദ്ധതി പൂര്‍ത്തീകരണം ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേര്‍ക്കണം. വീഴ്ചകളെക്കുറിച്ച് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ഏറ്റവുമധികം പെണ്‍കുട്ടികള്‍ പഠിക്കുന്നതാണ് ഗവ. മോയന്‍ സ്‌കൂളെന്ന് പരാതി നല്‍കിയ മുന്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റും നിലവില്‍ അംഗവും മുന്‍ ആഡിറ്ററുമായ കെ. എസ് ഉദയകുമാരമേനോന്‍ പറഞ്ഞു. 53 ക്ലാസ് മുറികളാണ് ഡിജിറ്റൈസ് ചെയ്യേണ്ടത്. കെല്‍ട്രോണ്‍ മുഖേന ഹാബിറ്റാറ്റിനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നൂറ്റയൊന്നാം വയസ്സിലേയ്ക്ക് കടക്കുന്ന സ്‌കൂളിന്റെ ആധുനികവത്കരണത്തെക്കുറിച്ചുള്ള പ്രതീക്ഷകളോടെയാണ് 4800 ലധികം പേരെ ഇവിടെ രക്ഷിതാക്കള്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള സ്‌കൂളുകള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാനാവില്ല. കേന്ദ്ര ഫണ്ട്, എംപി. ഫണ്ട്, എം.എല്‍.എ ഫണ്ട്, സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സഹായം, നഗരസഭയുടെ വിഹിതം തുടങ്ങി വിവധ ധനസഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ എസ്റ്റമേറ്റോ പ്ലാനോ അധികൃതരുടെ കൈവശം ഇല്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിൽ എം. എൽ.എ, കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓഫീസർ എസ്. ശുഭ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.