മുതലമടചപ്പക്കാട് സ്വദേശികളായ 2 യുവാക്കളെ കാണാതായ സംഭവത്തിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. പൊലീസ് നായ, ഡ്രോൺ എന്നിവ ഉപയോഗിച്ചാണു വ്യാപകമായി തിരച്ചിൽ നടത്തിയത്. ചപ്പക്കാട്ടെ തോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ എന്ന സാമുവൽ(28), കോളനിയിലെ മുരുകേശൻ(28) എന്നിവരെയാണു കഴിഞ്ഞ 30ന് കാണാതായത്.
സാമുവലിന്റെ സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്ത കൊല്ലങ്കോട് പൊലീസ് കഴിഞ്ഞ ദിവസം തോട്ടങ്ങളിലും വനം വകുപ്പിന്റെ സഹകരണത്തോടെ വനമേഖലയിലും തിരച്ചിൽ നടത്തിയിരുന്നു. 30നു ഇരുവരെയും സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പൊലീസ് നായയെ എത്തിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഇതു കൂടാതെ ഡ്രോൺ ഉപയോഗിച്ചു ആകാശ ദൃശ്യം പകർത്തിയും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.
ഇന്നും പരിശോധനകൾ തുടരുമെന്നു പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ് പറഞ്ഞു. 30നു ചപ്പക്കാട് കോളനി പരിസരത്ത് ഇരുവരെയും കണ്ടവരുണ്ട്. എന്നാൽ അതിനു ശേഷം ഇവരെ ആരും കണ്ടിട്ടില്ലെന്നു പരാതിയിൽ പറയുന്നു. വിവാഹിതനായ മുരുകേശൻ ഭാര്യ വീടായ തമിഴ്നാട്ടിലെ ആളിയാർ എത്തിയിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.