ചപ്പക്കാട്ടെ യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു
മുതലമട ∙ ചപ്പക്കാട്ടെ രണ്ടു യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ചപ്പക്കാട്ടെ സ്വകാര്യ തോട്ടത്തിലെ കൊക്കർണി (വലിയ കിണർ) വറ്റിച്ചുതുടങ്ങി. ഓഗസ്റ്റ് 30നു ലക്ഷം വീട് കോളനിയിൽനിന്നു കാണാതായ സ്റ്റീഫൻ എന്ന സാമുവൽ (28), മുരുകേശൻ (26) എന്നിവർക്കായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലുണ്ടായ സംശയത്തിന്റെ ഭാഗമായാണു കിണർ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വറ്റിക്കുന്നത്.
70 അടി വീതിയും 50 അടി താഴ്ചയുമുള്ള കൊക്കർണയിൽ 45 അടിയോളം വെള്ളമുണ്ടായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ ആർ.രമേഷ്, അഗ്നിരക്ഷാ സേനാംഗങ്ങളായ എം.മനോജ്, എസ്.രാജീവ്, സി.കൃഷ്ണരാജ്, എൽ.നിബിൻലാൽ, ഹോംഗാർഡ് ആർ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണു മോട്ടർ ഉപയോഗിച്ചു വെള്ളം പുറത്തേക്കു പമ്പ് ചെയ്തു കളഞ്ഞത്. നിലവിൽ 25 അടിയോളം വെള്ളം ബാക്കിയുണ്ട്.
രാത്രിയും പമ്പിങ് തുടരുകയാണ്.അവശേഷിക്കുന്ന വെള്ളവും അടുത്ത ദിവസം പമ്പ് ചെയ്തു കളഞ്ഞ ശേഷം പരിശോധന നടത്താനാണു ക്രൈംബ്രാഞ്ച് നീക്കം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള 20 അംഗ പൊലീസ് സംഘം അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. യുവാക്കളുടെ തിരോധാന കേസ് ഇൗ മാസം 5നാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.പ്രാഥമികമായ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണു സ്വകാര്യ തോട്ടത്തിലെ കിണർ വറ്റിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്.