പട്ടാമ്പി: പൗരന് ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനം ഒന്നോ രണ്ടോ മേഖലയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയല്ല വേണ്ടതെന്നും എല്ലാവരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമാകുന്ന ഒരു കാലമല്ല നമുക്കാവശ്യമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. സിസിടിവിയുടെ 17-ാമത് വിദ്യാഭ്യാ പുരസ്കാര- സ്കോളര്‍ഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംവിധാനത്തിന് കരുത്താകുന്ന സിവില്‍ സര്‍വന്റ്സും നീതിയുടെ കാവലാളുകളാകുന്ന അഭിഭാഷകരും മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളെ പുറംലോകത്തെത്തിക്കുന്ന മിടുക്കരായ മാധ്യമപ്രവര്‍ത്തകരുമൊക്കെ ഇവിടെ വേണം. അപ്പോള്‍ മാത്രമേ സാമൂഹികമായ സംതുലനം സാധ്യമാകൂ. മന്ത്രി പറഞ്ഞു.ഇത് ജീവിതത്തിലെ ഒരു നിര്‍ണ്ണായ സന്ദര്‍ഭമാണ്. ഈ ജംഗ്ഷനില്‍ നിന്ന് ഏതേ റോഡിലേക്ക് പോകണമെന്നത് തീരുമാനിക്കേണ്ട നിമിഷം. അഭിരുചി തിരിച്ചറിയുക എന്നത് ഏറെ പ്രധാനമാണ്. ബാഹ്യമായ പ്രേരണകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അടിമപ്പെടാതെ തങ്ങളുടെ കരിയര്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അത്തരത്തിലുള്ളവര്‍ മാത്രമേ ഏത് മേഖലയിലും വിജയിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം എം.എല്‍.എ. ഏ.സി.മൊയ്തീന് അധ്യക്ഷനായിരുന്നു. മീഡിയവണ്‍ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന് മുഖ്യപ്രഭാഷണം നടത്തി. സിനിമതാരം വിജീഷ് വിജയന് മുഖ്യാതിഥിയായി. ബഥനി സെന്റ് ജോണ്‍സ് സ്കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. അനുഗ്രഹപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ഫലകവും, ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചത്. ഒപ്പം ഉന്നതവിജയം നേടി ഉപരി പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് ചിറകടിച്ചുയരാന്‍ സിസിടിവി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പും വിതരണം ചെയ്തു. സിസിടിവിയുടെ ആദ്യകാല പ്രവര്‍ത്തകരും വ്യത്യസ്ഥ മേഖലകളില്‍ മികവ് പുലര്‍ത്തിയ വരുമായ സംഗീത സംവിധായകന് നിഖില്‍പ്രഭ, , ജനം ടിവിയിലെ സുബീഷ് തെക്കൂട്ട് , മനോരമ ടിവിയിലെ സി.ജി. അനൂപ് , 24 ന്യൂസ് ചാനലിലെ സുര്‍ജിത്ത് അയ്യപ്പത്ത് , ജനം ടിവിയിലെ മിഥുന് അയ്യപ്പന്, ചലച്ചിത്ര സംവിധായകന് സാജന് ആന്റണി, ചലചിത്ര നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ നെല്‍സണ്‍ ഐപ്പ്, പ്രശസ്ത പരസ്യമോഡലും സിനിമാതാരവുമായ മാസ്റ്റര്‍ അശ്വിന് ബാബു, കാലിക്കറ്റ് സര്‍വ്വകലാശാല റാങ്ക് ജേതാവ് ശിശിര ജോയ്, കൊച്ചിന് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് കെ.അഞ്ജന കൃഷ്ണ , പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എല്‍സര ജസ്റ്റിന് , ഖേലോ ഇന്ത്യ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ കെ.എച്ച്.സാലിഹ എന്നിവരെയും പ്ലസ്ടു പരീക്ഷയില്‍ നൂറ് മേനി വിജയം നേടിയ തലക്കോട്ടുകര അസിസി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളിനെയും പുരസ്കാരം നല്കി ആദരിച്ചു. പ്രതിഭാ പുരസ്കാര വിതരണം മുരളി പെരുനെല്ലി എം.എല്‍.എയും, ഗിസ്റ്റോ ജോസ് പുരസ്കാര വിതരണം ഫാ. ബെഞ്ചമിന്‍ ഒഐസിയും, കെ.എല്‍.ജോസ് എന്‍ഡോവ്മെന്റ് വിതരണം കുന്നംകുളം നഗരസഭ ചെയര്പേഴ്സന് സീതാരവീന്ദ്രനും , ആല്ബിന് ബിജു എന്‍ഡോവ്മെന്റ് വിതരണം നടനും,എഴുത്തുകാരനുമായ വി.കെ.ശ്രീരാമനും നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് പി.കെ.ഷെബീര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, ലബീബ് ഹസ്സന്, കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.വി.രാജന്, ചെയ്മ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സണ്‍, ബിംസ് പ്രിന്‍സിപ്പല്‍ സി.എല്‍. ജോഷി, സി.ഒ.എ. സംസ്ഥാന ട്രഷറര്‍ പി.എസ്.സിബി, കേരള വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജയപ്രകാശ് പാഞ്ഞാള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി.വി. ജോണ്സണ് സ്വാഗതവും സിസിടിവി ഡയറക്ടര്‍ കെ സി ജോസ് നന്ദിയും പറഞ്ഞു. സിസിടിവി ഡയറക്ടര്‍മാരായ കെ.എം. എഡ്വിന്, കെ.ആര്.അനന്തരാമന്, ഷാജി വി.ജോസ്, പി.എം.സോമന്, കെ.മണികണ്ഠന്, വി.ശശികുമാര്‍, പി.എം.മനോജ്, റഫീഖ് ഐനിക്കുന്നത്ത്, എന്‍.വി.അബ്ദുസമദ് എന്നിവര്‍ നേതൃത്വം നല്കി. എസ്എസ് എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അറുനൂറോളം വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും, ഫലകവും നല്കി ആദരിച്ചു. അര്‍ഹരായ നൂറോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും വിതരണം ചെയ്തു.