പാലക്കാട്.
ഓണസമ്മാനമായി മാത്തൂരുകാർക്ക് അഭിമാനിക്കാൻ അബ്ദുൾ റസാഖിന്റെ വെങ്കലമെഡൽ. ഒറ്റവരി ട്രാക്കിൽ നിന്നുയർന്ന് അണ്ടർ -20 ലോക അതലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ മെഡൽ നേടി പരുത്തിപ്പുള്ളി സ്വദേശി അബ്ദുൾ റസാഖ് തിളങ്ങി. കെനിയയിലെ നെയ്റോബിയിൽ നടന്ന അതലറ്റിക് മീറ്റിൽ 4×400 മിക്‌സഡ് റിലേയിലാണ് അബ്ദുൾ റസാഖ് ഉൾപ്പെട്ട ഇന്ത്യൻ സംഘം മെഡൽ നേടിയത്. ജൂനിയർ അതലറ്റിക്സിൽ ആദ്യമായാണ് കേരളത്തിൽ മെഡലെത്തുന്നത്.
ഇന്ത്യൻ ടീമിലെ ഏക മലയാളിയെന്നും നാടിന് അഭിമാനിക്കാം. അബ്ദുൾ റസാഖിന് ലഭിക്കുന്ന ആറാമത്തെ അന്താരാഷ്ട്ര മെഡലാണിത്. ഹോങ്കോങ്ങിൽ നടന്ന യൂത്ത് ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലും മിക്‌സഡ് റിലേയിലും സ്വർണം നേടി. കസാഖിസ്താനിൽ നടന്ന അണ്ടർ 20 യുറേഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ വെള്ളിയും 4×400 റിലേയിൽ സ്വർണവും നേടി.
കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ റിലേയിൽ വെള്ളി നേടിയ ടീമിലും അബ്ദുൾ റസാഖ് അംഗമായിരുന്നു. മാത്തൂർ സിഎഫ്ഡി സ്കൂളിലെ കായിക അധ്യാപകൻ കെ സുരേന്ദ്രനുകീഴിലാണ് അബ്ദുൾ റസാഖ് പരിശീലിച്ചത്.










