.
നെന്മാറ. കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം നെന്മാറ പോത്തുണ്ടി റോഡില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ നെന്മാറ ഗവ. ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ സൈക്കിളില്‍ പോവുകയായിരുന്ന പോത്തുണ്ടി നെല്ലിച്ചോട് അരിമ്പരപ്പതിയില്‍ പ്രകാശന്റെ മകള്‍ സിഗ്ദ(12) പോത്തുണ്ടി നെല്ലിച്ചോട് ശബരിയുടെ മകള്‍ സാന്ദ്ര(14) എന്നിവർക്കും നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉണ്ടായിരുന്ന അയിലൂര്‍ വീഴ്‌ലി കുന്നക്കാട് വീട്ടില്‍ നിലാവര്‍ണ്ണീസ(50), വീഴ്‌ലി പാറയ്ക്കല്‍ വീട്ടീല്‍ ഗീത(54) എന്നിവര്‍ക്കും, കാറിലുണ്ടായിരുന്ന മാട്ടുപ്പാറ സ്വദേശി കൃഷ്ണന്‍(55) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ സിഗ്ദയെ നെന്മാറ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാട്ടുപ്പാറ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കുകളിലാണ് ആദ്യം ഇടിച്ചത്. പിന്നീട് കാര്‍ പോത്തുണ്ടി പാതയിലേക്ക് എത്തി സ്‌കൂള്‍ വിട്ടു സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ ഇടിച്ചു തെറിപ്പിച്ചശേഷം വീണ്ടും ഓടി പാതയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, പെട്ടിക്കടയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെട്ടിക്കടയും, വിദ്യാര്‍ഥികളുടെ സൈക്കിളും പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മാട്ടുപ്പാറ സ്വദേശി ഗുരവായൂരപ്പ(58)നെതിരെ നെന്മാറ പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്നും നെന്മാറ പോലീസ് പറഞ്ഞു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ)