ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങൾ പൂഞ്ചോല എൽ.പി. സ്കൂൾ പരിശോധിക്കുന്നു
കാഞ്ഞിരപ്പുഴ: ചിരട്ട നിരത്തിവെച്ച് മേൽക്കൂര നിർമിച്ചതുമൂലം തകർച്ചനേരിടുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല സർക്കാർ എൽ.പി. സ്കൂളിന്റെ ശോച്യാവസ്ഥ ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങൾ നേരിട്ട് പരിശോധന നടത്തി. കമ്മിഷൻ അംഗം സി. വിജയകുമാർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്. ശുഭ, പ്രൊട്ടക്ഷൻ ഓഫീസർ സുബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ സന്ദർശിച്ചത്.
2000ത്തിൽ പണി പൂർത്തീകരിച്ച സ്കൂൾക്കെട്ടിടം വർഷങ്ങളായി തകർച്ചയിലാണ്. ഉഷ്ണത്തെ പ്രതിരോധിക്കാൻ വേണ്ടിയെന്ന നിഗമനത്തിൽ ചിരട്ടകളുപയോഗിച്ച് വാർത്ത മേൽക്കൂരയിൽനിന്ന് കോൺക്രീറ്റിളകി ചിരട്ടകൾ അടർന്നു. നിലംപൊത്താൻ ആരംഭിച്ചതോടെയാണ് വിദ്യാർഥികൾക്ക് ജീവന് ഭീഷണിയായി മാറിയത്.
സ്കൂൾക്കെട്ടിടത്തിന്റെ ജീർണാവസ്ഥ ബോധ്യപ്പെട്ടതായി കമ്മിഷൻ അംഗം സി. വിജയ കുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തി വേണ്ട നടപടികൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.