പാലക്കാട്: നഗരത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മഞ്ഞക്കുളം ടൗണ്‍ബസ് -ലോറി സ്റ്റാന്റ് , മേലാമുറി – ടി ബി റോഡ്, ബൈപാസ് റോഡ് ഇല്ലാതാക്കിയവരെ ഈ വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട്, സ്വരാജ് ഇന്ത്യാ പ്രവര്‍ത്തകര്‍ നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി.
സ്ഥലമേറ്റടുക്കുമ്പോള്‍ ഫണ്ടില്ലെന്ന് ഹൈക്കോടതിയില്‍ നുണ പറഞ്ഞ് പദ്ധതി അപ്പാടെ ഇല്ലാതാക്കി സ്ഥലം ഭൂവുടമകള്‍ക്ക് തന്നെ തിരിച്ചു നല്‍കുവാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു വിവിധ പാര്‍ട്ടികളില്‍പ്പെട്ട കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ വര്‍ഷം അമൃത് പദ്ധതിയില്‍ 3 കോടി ലഭിച്ചിട്ടും മഞ്ഞക്കുളം ബസ് -ലോറിസ്റ്റാന്റിന് ഉള്‍പ്പെടുത്തിയിട്ടില്ല.
ധര്‍ണ പാലക്കാട് മുന്നോട്ട് പ്രസിഡന്റ് ഡോ. എം എന്‍ അന്‍വറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ് സുരേന്ദ്രന്‍, പി വിജയന്‍, എം ഉണ്ണികൃഷ്ണന്‍, പി എച്ച് അബ്ദുള്‍ റഷീദ്, പരമേശ്വരന്‍ മംഗലത്ത്,എം മണി എന്നിവര്‍ സംസാരിച്ചു