
എൽ.ഡി.എഫ്. ഭരണത്തുടർച്ച നേടിയ മുണ്ടൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സി.പി.എം. കരസ്ഥമാക്കി. അഞ്ചാംവാർഡ് ഒടുവങ്ങാടുനിന്ന് വിജയിച്ച എം.വി. സജിത പ്രസിഡന്റും പത്താംവാർഡ് കൂട്ടുപാതയിൽനിന്ന് ജയിച്ച വി. ലക്ഷ്മണൻ വൈസ് പ്രസിഡന്റുമായി. പഞ്ചായത്ത് ഭരണസമിതിയിൽ 18 അംഗങ്ങളുള്ളതിൽ എൽ.ഡി.എഫ്. 13 വാർഡുകളിൽ വിജയിച്ചാണ് ഭരണത്തുടർച്ച നേടിയത്. എൻ.ഡി.എ. മൂന്ന് വാർഡിലും യു.ഡി.എഫ്. രണ്ട് വാർഡിലുമാണ് ജയിച്ചിരുന്നത്.
പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന എൻ.ഡി.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ചിരുന്നു. എൽ.ഡി.എഫിന് 13 വോട്ടുകൾ നേടിയപ്പോൾ എൻ.ഡി.എ.ക്ക് മൂന്ന് വോട്ടാണ് കിട്ടിയത്. യു.ഡി.എഫ്. അംഗങ്ങൾ വോട്ട് അസാധുവാക്കുകയാണ് ചെയ്തത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാകുന്നത്.