പാലക്കാട്
‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്ച ബഹുജന കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ചിനാണ് കൂട്ടായ്മ. കേന്ദ്ര ഏജൻസികളേയും ഭരണഘടനാ സ്ഥാപനങ്ങളേയും ഉപയോഗിച്ച് കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന നീക്കത്തിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം.
വികസന മുന്നേറ്റം സൃഷ്ടിക്കാനുള്ള നാടിന്റെ പ്രതിരോധമാകും ബഹുജന കൂട്ടായ്മ. വികസന സംരക്ഷണ ദിനമായാണ് കൂട്ടായ്മ വിഭാവനം ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് അന്വേഷിക്കുന്നതിനുപകരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾ തടയുന്ന നീക്കത്തിനെതിരായ ജനകീയ പ്രതിഷേധം കൂട്ടായ്മയിൽ ഉയരും.
ജില്ലയിൽ 95 കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടായ്മയിൽ എൽഡിഎഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.