വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം തുടങ്ങി. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഉപവാസസമരം ഉദ്ഘാടനംചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷനായി. ഉപവാസസമരം ഞായറാഴ്ച രാവിലെ 10-ന് അവസാനിക്കും.
കെ.പി.സി.സി. വൈസ്‌പ്രസിഡന്റ് സി.പി. മുഹമ്മദ്, കെ.പി.പി.സി. ജനറൽസെക്രട്ടറി സി. ചന്ദ്രൻ, കെ.പി.പി.സി. സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, മുൻമന്ത്രി വി.സി. കബീർ, യു.ഡി.എഫ്. ജില്ലാചെയർമാൻ കളത്തിൽ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
പെൺകുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരുകാണാത്ത സർക്കാരും പാർട്ടിനേതാക്കളും ഇന്ന് പുത്രദോഷത്താൽ കണ്ണീർ കുടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസ് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ കേസിൽ നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതായിരുന്നു അദ്ദേഹം.