ജീവനക്കാര്‍ക്ക് വിശ്രമിക്കാനായി കെഎസ്ആര്‍ടിസി ഒരുക്കിയ സ്റ്റാഫ് സ്ലീപ്പര്‍
പാലക്കാട്
ജീവനക്കാർക്ക് വിശ്രമിക്കാൻ വിശ്രമ മുറിയൊരുക്കി കെഎസ്ആർടിസി. വൈറ്റില അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദീർഘദൂര സർവീസുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വിശ്രമിക്കാൻ സൗകര്യമൊരുക്കിയത്. സ്റ്റാഫ് സ്ലീപ്പർ എന്ന് പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രം ജീവനക്കാർക്ക് ആശ്വാസമാണ്.
പഴയ കെഎസ്ആർടിസി ബസിനെയാണ് വിശ്രമുറിയാക്കി മാറ്റിയത്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ വിശ്രമമുറിയിൽ എസി, ഫാൻ, കുടിവെള്ളം, സാനിറ്റൈസർ, ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു സമയം 18 പേർക്ക് വിശ്രമിക്കാം.
ജീവനക്കാർക്ക് നാലു മണിക്കൂറോളം വിശ്രമം ഉറപ്പുവരുത്തിയാണ് ദീർഘദൂര സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് സർവീസുകൾക്ക് പുറമേ കോയമ്പത്തൂരിലേക്കുള്ള ബോണ്ട് സർവീസിനും വിശ്രമ കേന്ദ്രം ഏറെ ഗുണം ചെയ്യും. കൂടുതൽ സ്റ്റാഫ് സ്ലീപ്പർ തയ്യാറാക്കുന്നതും കെഎസ്ആർടിസിയുടെ പരിഗണനയിലുണ്ട്.
ഡിസംബർ മുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ ബോണ്ട് സർവീസുകൾ മാത്രമാണ് തമിഴ്നാട്ടിലേക്കുള്ളത്. നിരവധി പേർ പ്രതിദിനം അതിർത്തി കടക്കുന്നതിനാൽ ഉടൻ സർവീസ് തുടങ്ങണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
ഇതിനായി കേരള, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. അന്തർ സംസ്ഥാന യാത്രയ്ക്ക് കേരള, തമിഴ്നാട് സർക്കാരുകൾ അന്തിമ അനുമതി നൽകിയിട്ടില്ല.