പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് കോർപ്പറേഷൻ്റെ മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കം ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുവാൻ മറ്റ് സർക്കാർ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ ആരംഭിക്കാമെന്നിരിക്കെ മദ്യശാലകൾ തുടങ്ങാനുള്ള നീക്കം ആശങ്കാജനകമാണ്. കുപ്പി വാങ്ങുവാൻ എത്തുന്ന മദ്യപരുടെ സാന്നിദ്ധ്യം സ്ത്രീകളും ,കുട്ടികളുമുൾപ്പെടെയുളള യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകും.
സ്റ്റാൻഡിൽ തന്നെ മദ്യശാലകൾ ആരംഭിക്കുന്നത് കെ.എസ്. ആർ.ടി.സി ജീവനക്കാരെയും ,യാത്രക്കാരെയും മദ്യ ഉപയോഗത്തിലേയ്ക്ക് തള്ളിവിടാൻ ഇടയാക്കുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് സർക്കാർ ഉടൻ പിന്തിരിഞ്ഞില്ലെങ്കിൽ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവിനെ അപകീർത്തിപെടുത്തുന്നവരെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്നും, സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന അമൃതോത്സവം പരിപാടിക്കുവേണ്ടി ഇറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളിൽ നിന്നും നെഹ്റു വിൻ്റെ ചിത്രം ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, കെ.വി. പുണ്യകുമാരി, എം.വി.ആർ.മേനോൻ ,എ.ഗോപിനാഥൻ, ടി.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.










