പാലക്കാട്: 2022 ഡിസംബർ 14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കെ.എസ്. ഇ. ബി. ജില്ലയുടെ വിവിധ സെക്ഷനുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തി. വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും ആരംഭിച്ച് വണ്ടിത്താവളം ജംഗ്ഷനിലൂടെ മീനാക്ഷിപുരം മേഖലയിലേക്ക് ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ബൈക്ക് റാലി നടത്തി. റാലി കെ. എസ്. ഇ. ബി. എൽ. സ്വതന്ത്ര ഡയറക്ടർ അഡ്വ. വി.മുരുകദാസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പുനരുപയോഗിക്കാൻ സാധ്യതയുള്ള ഊർജ്ജം ആഭ്യന്തരമായി ഉത്പാദിപ്പിച്ചുകൊണ്ട് സ്വയം പര്യാപതത നേടുക എന്ന കെ. എസ്. ഇ. ബി ലിമിറ്റഡിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ പൊതുജന സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. ഇതുവരെ 376.2 മെഗാവാട്ട് സൗരോർജ പദ്ധതി കെ. എസ്. ഇ. ബി. എൽ. യാഥാർഥ്യമാക്കി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. കൂടാതെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നമ്മൾ ദിനചര്യയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിറ്റൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. സുചിത്ര അധ്യക്ഷയായി. വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ജി. വേണുഗോപാലൻ സ്വാഗതം ആശംസിച്ചു. കൊടുവായൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സി. എഞ്ചിനീയർ പി.മിനി, കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.. മധു , തത്തമംഗലം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ടൈറ്റസ് ഡാനിയേൽ , പൊതുപ്രവർത്തകർ , ഉപഭോക്താക്കൾ, പൊതുജനങ്ങൾ , ഇലക്ട്രിസിറ്റി ജീവനക്കാർ , സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർ എന്നിവർ ഉൾപ്പെടെ നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു. റാലിക്ക് പി .സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ മീനാക്ഷിപുരത്ത് സമുചിതമായ സ്വീകരണം നൽകി. കെ. എസ് ഇ. ബി. ലിമിറ്റഡിന്റെ “ഊർജം കരുതിവെക്കാം നാളേയ്ക്ക്” എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വണ്ടിത്താവളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഗാർഹിക ഉപഭോക്താക്കളിൽ മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയ തിരഞ്ഞെടുത്ത അഞ്ചു പേർക്ക് കെ. എസ്. ഇ. ബി. ലിമിറ്റഡിന്റെ സിർട്ടിഫിക്കറ്റും എൽ. ഇ. ഡി. ട്യൂബ് ലൈറ്റ് സെറ്റും ഡയറക്ടർ ചടങ്ങിൽ നൽകി ആദരിച്ചു. പൊതു ജനങ്ങളും ജീവനക്കാരും ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഊർജ്ജ സംരക്ഷണ ലഘുലേഖകൾ വിതരണം ചെയ്തു. റാലിക്ക് 50 ൽ അധികം ഇരുചക്രവാഹനങ്ങൾ പങ്കെടുത്തു.