ജില്ലയിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷന് കാഞ്ഞിരപ്പുഴയിൽ അനുമതിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുക. 15 ലക്ഷം രൂപയാണ് ചാർജിങ് സ്റ്റേഷന്റെ ആകെ നിർമാണച്ചെലവ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർമാണച്ചുമതല. 142 കിലോവാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ഇവിടെയൊരുക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ ചാർജിങ് സ്റ്റേഷൻ കുളപ്പുള്ളി ബസ്‌സ്റ്റാൻഡിലാണ് ഒരുക്കുന്നത്.
ചാർജ് ചെയ്യാം നാലുവാഹനങ്ങൾ
നാലുവാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യുന്നതിനുള്ള നാല് ചാർജിങ് പോയന്റുകളാണ് സജ്ജീകരിച്ചത്. വാഹനങ്ങൾ ചാർജുചെയ്യുന്നതിന് 10 മിനിറ്റുമുതൽ 20 മിനിറ്റുവരെയാണ് പരമാവധി സമയം വേണ്ടത്. ചെറിയവാഹനങ്ങൾമുതൽ വലിയ വാഹനങ്ങൾവരെ ചാർജുചെയ്യാനാകും. നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബി. യാണ് വൈദ്യുതി ചാർജ് നിശ്ചയിക്കുക. ഇത് തീരുമാനിച്ചിട്ടില്ല. രാജ്യത്തെ മുഴുവൻ ചാർജിങ് കേന്ദ്രത്തിലും ഒരേ തുകയായിരിക്കും ഈടാക്കുക.
നിയന്ത്രണവും പരിപാലനവും അനർട്ടിന്
ചാർജിങ് സ്റ്റേഷന്റെ നിയന്ത്രണത്തിന്റെയും പരിപാലനത്തിന്റെയും ചുമതല അനർട്ടിനാണ്. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ സ്ഥലം വാടകയ്ക്കെടുത്താണ് ചാർജിങ് സ്റ്റേഷനൊരുക്കുന്നത്. സ്റ്റേഷനിൽനിന്നുള്ള ലാഭവിഹിതമാണ് ജലസേചനവകുപ്പിന് ലഭിക്കുക. കേരളത്തിൽ മുഴുവൻ ചാർജിങ് സ്റ്റേഷനുകൾക്കും സ്ഥലമൊരുക്കുന്നത് അനർട്ടാണ്.
ചാർജിങ്ങിന് ഓൺലൈൻ സംവിധാനം
ഓൺലൈൻ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ ചാർജ് ചെയ്യുക. ജീവനക്കാരുടെ സേവനമുണ്ടാകില്ല. ഇലക്‌ട്രിഫൈൻ എന്ന ആപ്പിലൂടെയാണ് ചാർജ് ചെയ്യുന്നതിനുള്ള ബുക്കിങ്, പണമടയ്ക്കൽ എന്നിവ ചെയ്യേണ്ടത്. മറ്റുള്ള ചാർജിങ് പോയന്റുകളെക്കുറിച്ചുള്ള വിവരവും ഈ ആപ്പിൽ ലഭിക്കും. ചാർജുചെയ്യാൻ ഉപഭോക്താവുതന്നെ മെഷിൻ വാഹനമായി ബന്ധിപ്പിക്കണം.