കൊല്ലങ്കോട്: ഉത്തരവാദിത്വ പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍
സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഉത്തരവാദിത്വം: കെ. ബാബു എം.എല്‍.എ
ഇന്ത്യയില്‍ പത്ത് സുന്ദര ഗ്രാമങ്ങളിലൊന്നായി പരിഗണിക്കപ്പെട്ട കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഉത്തരവാദിത്വ-പ്രകൃതിദത്ത ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള വികസനം ആലോചനയില്‍. കെ. ബാബു എം.എല്‍.എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ചിറ്റൂര്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, വനം, റവന്യൂ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജനപ്രതിനിധി- ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. ജൂലൈ 27 ന് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് വീണ്ടും എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരും.
ആദ്യഘട്ടമെന്ന നിലയിലാണ് സന്ദര്‍ശനമെന്നും പ്രദേശത്തെ പച്ചപ്പ്, മലനിരകള്‍, നീരൊഴുക്ക്, പാടങ്ങള്‍, പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്ന കാഴ്ച്ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുകയെന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണെന്നും അതിനാല്‍ ഉത്തരവാദിത്വ ടൂറിസത്തിനാണ് ഊന്നല്‍ കൊടുക്കുന്നതെന്നും കെ. ബാബു എം.എല്‍.എ പ്രതികരിച്ചു. ജില്ലാഭരണകൂടം, തദേശ സ്ഥാപനങ്ങള്‍, ഡി.ടി.പി.സി, കുടുംബശ്രീ ജില്ലാ മിഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, വിവിധ മേഖലകളിലുള്ളവര്‍, വ്‌ളോഗര്‍മാരെ കൂടി ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനമാണ് ആലോചിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
നാട്ടുകാര്‍ക്ക് കൂടി പ്രയോജനമാകും വിധം അവര്‍ക്ക് വരുമാനവും കൂടി ലക്ഷ്യമിട്ട് നാട്ടുകാരുടെ കൂടി പങ്കാളിത്വത്തോടെ ഉത്തരവാദിത്വ ടൂറിസം എന്ന തരത്തിലാണ് പ്രദേശത്തെ ടൂറിസം വികസനം കൊണ്ട് ഉദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വച്ഛമായ ഈ നാട് ആസ്വദിച്ചു തിരിച്ചു പോകാനുള്ള അന്തരീക്ഷം സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കൊല്ലങ്കോട് കാണാന്‍ ഭംഗിയുള്ള നാട്
മലിന്യമാകാതെ സൂക്ഷിക്കണം: ജില്ലാ കലക്ടര്‍
കൊല്ലങ്കോട് നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ കൊല്ലങ്കോട് ഗ്രാമത്തെ പ്രശസ്തമാക്കിയത്. കര്‍ഷകരുള്‍പ്പെടെയുള്ള ഇവിടത്തെ ജനങ്ങള്‍ മനോഹരമായ ഈ പ്രദേശത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ വികാരത്തെ മാനിച്ച് ഈ നാട് മലിനപ്പെടുത്താതെയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നിടമായി കാണാതെയും ഈ നാട് ആസ്വദിച്ച് തിരിച്ച് പോകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.