മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് പേവിഷപ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്നലെ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ കൂടിയായ ഡെപ്യുട്ടി ഡി.എം.ഒ. ഡോ.ഗീതു മരിയ ജോസഫ്, എപ്പിഡമോളജസിറ്റ് ഡോ.അഞ്ജിത എന്നിവര്‍ മരണപ്പെട്ട യുവതി താമസിച്ചിരുന്ന വീട്ടിലെത്തി. ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. വളര്‍ത്തുനായയുടെ കടിയേറ്റ സാഹചര്യവും യുവതിക്ക് ഉണ്ടായ ലക്ഷണങ്ങളും സംബന്ധിച്ച കാര്യങ്ങളാണ് തിരക്കിയതെന്ന് ഡോ.ഗീതുമരിയ ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്കും സമര്‍പ്പിക്കും.
ഫീല്‍ഡ് പരിശോധനയിലൂടെയും മെഡിക്കല്‍ കോളജിലെ ചികിത്സാസംബന്ധിയായ കണ്ടെത്തലുകളും ആരോഗ്യവകുപ്പിന്റെ ഡെത്ത് അനലൈസിംങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്നാണ് സംശയാസ്പദമായ പേവിഷബാധ തന്നെയാണോ മറ്റെതെങ്കിലും പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങള്‍ കൂടിയുണ്ടായിരുന്നുവോ മരണത്തിന് കാരണമെന്നതെല്ലാം തീരുമാനിച്ച് പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് ചേരിങ്ങല്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ റംലത്ത് (45) മരിച്ചത്. മരണം പേവിഷബാധമൂലമാണെന്നാണ് സംശയിക്കുന്നത്. രണ്ടരമാസം മുമ്പ് വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്കുമ്പോള് ഇടതുകയ്യില്‍ കടിയേറ്റിരുന്നു. നായക്ക് ഭക്ഷണം നല്കുമ്പോള് കയ്യില്‍ ഗ്ലൗസ് ധരിച്ചിരുന്നതായി ബന്ധുക്കള്‍ ആരോഗ്യവകുപ്പ് സംഘത്തെ അറിയിച്ചു. യുവതിക്ക് ശാരിരിക വിഷമതകള്‍ തുടങ്ങിയപ്പോഴാണ് ആശുപത്രികളില്‍ ചികിത്സതേടുന്നതും തുടര്‍ന്ന് മരണം സംഭവിക്കുന്നതും.
അതേ സമയം ഇന്നലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സുനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ഡാര്‍ണര്‍, എം.എല്‍.എസ്.പി സൗമ്യ, ആശാവര്‍ക്കര്‍ ഷാഹിന എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് പൂന്തിരിത്തിപ്രദേശത്ത് നിരീക്ഷണം നടത്തി. പ്രദേശത്തെ 23 വീടുകളില്‍ നിന്നും വിവരശേഖരണം നടത്തിയതില്‍ അടുത്തിടെ മൃഗങ്ങളുടെ കടിയേറ്റ് ചികിത്സ തേടാത്ത ആരുമില്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. മരിച്ച യുവതിയുമായ സമ്പര്ക്കുമണ്ടായവര് താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.