കായികമുന്നേറ്റ സാധ്യതകളുമായി കണ്ണമ്പ്ര സ്റ്റേഡിയം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു
കായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ അത്യാധുനിക സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സര്‍ക്കാരിന്റെ 100 കര്‍മദിന പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നാടിന്റെ കായിക വികസനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സ്റ്റേഡിയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മികച്ച കളിക്കളങ്ങള്‍ വരുന്നതോടെ കായികരംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ ഈ പ്രദേശങ്ങള്‍ക്ക് സാധിക്കും. ഇത്തരം കളിക്കളങ്ങളിലൂടെ ലോകനിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിക കായിക യുവജനകാര്യ വകുപ്പു മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ, നിയമ സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയായി .
കായികരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ മികവുറ്റ സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്. ലോകനിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനോടൊപ്പം കായിക പ്രതിഭകളായ കുട്ടികള്‍ക്ക് കളിച്ച് വളരാനും പൊതുജനങ്ങള്‍ക്ക് കായിക വിനോദത്തില്‍ ഏര്‍പ്പെടാനും വിപുലമായ അവസരങ്ങളാണ് ഇത്തരം കളിക്കളങ്ങള്‍ ഒരുക്കുന്നത്. ഒരു കാലത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കായിക സംസ്‌കാരങ്ങള്‍ അന്യമായി പോവുന്നതായി പരാതി ഉയര്‍ന്നിരുന്നു. കായിക രംഗത്ത് നിലനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളികള്‍ക്കും കളിക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള വിപുലവും വിശദവുമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കായികരംഗത്തെ അടിസ്ഥാന സൗകര്യവികസനം, കുട്ടികള്‍ക്ക് ചെറിയ പ്രായംമുതലുള്ള വിദഗ്ദ പരിശീലനം, കായികതാരങ്ങളുടെ ക്ഷേമം എന്നീ മൂന്നു വിഷയങ്ങള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കിയുള്ള വികസന പരിപാടികളാണ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലും നടപ്പിലാക്കിയത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങള്‍, 43 പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ങ്ങള്‍ക്കായി 1000 കോടി രൂപയാണ് അനുവദിച്ചത്. കിഫ്ബി അംഗീകരിച്ച 43 കായികസമുച്ചയങ്ങളില്‍ 26 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുഡ്‌ബോള്‍ ഗ്രൗണ്ടുകള്‍, 27 സിന്തറ്റിക് ഫ്‌ളാറ്റുകള്‍, 33 സ്വിമ്മിങ് പൂളുകള്‍, 33 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന വിധത്തിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് സ്റ്റേഡിയങ്ങളാണ് നാടിന് സമര്‍പ്പിക്കുന്നത്.
കണ്ണമ്പ്ര സ്റ്റേഡിയത്തിനൊപ്പം തൃശ്ശൂര്‍ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സെവന്‍സ് സിന്തറ്റിക് ഫുട്ബോള്‍കോര്‍ട്, സിന്തറ്റിക് അക്രലിക് പ്രതലത്തോടു കൂടിയ വോളീബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ചുറ്റും അത്ലറ്റിക് പരിശീലനത്തിന് ട്രാക്ക്, ലോങ് ജമ്പ് പിറ്റ്, രാത്രിയും പരിശീലനം നടത്തുന്നതിനായി എല്‍.ഇ.ഡി ഫ്ളെഡ് ലൈറ്റ് സംവിധാനം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കായിക യുവജനകാര്യാലയം ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വനജകുമാരി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ എം. ചെന്താമരാക്ഷന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരംസമിതി അധ്യക്ഷന്‍ ജോഷി ഗംഗാധരന്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ വി. സ്വാമിനാഥന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി എന്നിവര്‍ പങ്കെടുത്തു.