പാലക്കാട് ∙ യുഡിഎഫിലായിരിക്കേ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് (ജോസ് വിഭാഗം). പാർട്ടി പ്രവർത്തകർ കൂടുതലുളള മറ്റു സ്ഥലങ്ങളിലും ആനുപാതികമായി സീറ്റ് നൽകണമെന്നും അവർ ഇടതുമുന്നണിയോട് ആവശ്യപ്പെട്ടതായാണു വിവരം. സീറ്റുകൾ സംബന്ധിച്ചു സിപിഎം ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 46 സീറ്റും 4 നഗരസഭകളിൽ ഒരോ സീറ്റും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. പുതിയ പാർട്ടിയെ മാന്യമായി പരിഗണിക്കാനാണു കീഴ്ഘടകങ്ങൾക്കു സിപിഎം നിർദേശം നൽകിയിരിക്കുന്നത്. ജോസ് വിഭാഗത്തിനു സ്വാധീനമുള്ള പ്രദേശങ്ങളിൽ മുൻഗണനയും മറ്റിടങ്ങളിൽ ന്യായമായ സീറ്റുകളുമാണു പരിഗണിക്കുന്നത്. കുടിയേറ്റ മേഖലയിൽ കൂടുതൽ പരിഗണന നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.