ഐഎസ്എൽ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി വി.പി.സുഹൈർ
അലനല്ലൂർ∙ ഇന്ത്യൻ ടീമിലേക്കൊരു ബർത്ത് തേടി ഐഎസ്എൽ ടീമിലെത്തിയ വി.പി.സുഹൈർ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നാലാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ 77-ാം മിനിട്ടിലാണ് സുഹൈർ കളത്തിലിറങ്ങിയത്. കളിയുടെ അവസാന നിമിഷത്തിൽ 90-ാം മിനിട്ടിൽ വലതു വിങ്ങിൽ നിന്നു സുഹൈർ നൽകിയ മനോഹരമായ ക്രോസ് റോച്ചർസല ഗോളാക്കിയപ്പോൾ എടത്തനാട്ടുകരയിലെ സുഹൈറിന്റെ വീട്ടിൽ ആഘോഷമായിരുന്നു.
കളി തുടങ്ങിയതു മുതൽ സുഹൈർ കളത്തിലിറങ്ങുന്നതു വരെ ക്ഷമയോടെ കാത്തിരുന്ന കുടുംബാംഗങ്ങൾ ഇഡ്‍രിസെ സൈലയ്ക്കു പകരക്കാരനായി സുഹൈർ കളത്തിലെത്തിയതോടെ ആവേശത്തിലായി. പിന്നീട് സുഹൈറിന്റെ ഒരോ പാസുകളും കളി നേരിൽ കാണുന്ന ആരവത്തോടെയാണു വീട്ടുകാർ ടിവിയിൽ കണ്ടത്. 13 മിനിട്ട് മാത്രം കളിച്ച സുഹൈർ മികച്ച വിന്നിങ് പാസിനുള്ള അവാർഡും സ്വന്തമാക്കിയപ്പോൾ വീട്ടുകാരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
സുഹൈറിനു ഗോൾ നേടാനായില്ലെങ്കിലും സുഹൈറിന്റെ പാസിലൂടെ ടീമിനു ഗോൾ നേടാനായ സന്തോഷത്തിലായിരുന്നു കുടുംബം മുഴുവനും. പിതാവ് ഹംസ, ഉമ്മ റുഖിയ, സഹോദരങ്ങളായ വി.പി.സുനീർ, വി.പി.സഹീർ ഇവരുടെ ഭാര്യമാർ, മറ്റു ബന്ധുക്കൾ തുടങ്ങിയവരെല്ലാം കളികാണാൻ വീട്ടിലെത്തിയിരുന്നു. നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം നാളെ ബാംഗ്ലൂർ എഫ്സിയുമായാണ്. ഈ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സുഹൈറിനെ കണാൻ കഴിയുമെന്ന പ്രതീക്ഷയിലാണു നാട് മുഴുവനും.